പണച്ചാക്കും ദല്ലാളുമായി രാഷ്ട്രീയ മാർക്കറ്റിൽ കറങ്ങിനടക്കുന്നവരുടെ ആദർശത്തെ എന്തുപേരു വിളിക്കണം? അവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പ്രത്യാഘാതങ്ങൾ ഈ രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിക്കും?
ഇന്ത്യൻ രാഷ്ട്രീയം മുമ്പെങ്ങുമില്ലാത്തവിധം മലീമസമാകുന്നതിന്റെ കാഴ്ചകളാണ് അനുദിനം പുറത്തുവരുന്നത്. അധികാരത്തിനു മുന്നിൽ ആദർശരാഷ്ട്രീയത്തിനു പുല്ലവില കല്പിക്കുന്ന നേതാക്കളുടെ എണ്ണം കൂടിവരികയും ചെയ്യുന്നു. മറ്റു പാർട്ടികളിലെ നേതാക്കളെ സ്വന്തമാക്കാൻ ദല്ലാളുമാരുമായി റോന്തുചുറ്റുന്ന പാർട്ടിനേതാക്കൾ രാജ്യംമുഴുവൻ സജീവമാണെന്നാണ് കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയവിവാദമടക്കം തെളിയിക്കുന്നത്.
മുമ്പൊക്കെ ആദർശത്തിന്റെ പേരിൽ അണികളെ കൂട്ടി പാർട്ടി വളർത്താനായിരുന്നു നേതാക്കൾ പരിശ്രമിച്ചിരുന്നത്. അതിനായി കഠിനാദ്ധ്വാനം ചെയ്ത അനേകം നേതാക്കൾ എല്ലാ പാർട്ടികൾക്കും സ്വന്തമായിരുന്നു. പദയാത്രകളും പ്രചാരണ ജാഥകളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും ജനകീയ വിഷയങ്ങളിലെ ഇടപെടലുകളുമെല്ലാമായിരുന്നു പാർട്ടി വളർത്തുന്നതിനും തങ്ങളുടെ ആശയവും ആദർശവും ജനങ്ങളിലേക്കെത്തിക്കുന്നതിനുമുള്ള മാർഗങ്ങളായി ഈ നേതാക്കൾ കണ്ടിരുന്നത്. എന്നാൽ അതെല്ലാം അറുപഴഞ്ചനായി മാറിയിരിക്കുന്നു. സ്ഥാനമാനങ്ങളും പണവുമടക്കമുള്ള പ്രലോഭനങ്ങൾ അല്ലെങ്കിൽ ഭീഷണി, ഇവയാണ് ഇപ്പോഴത്തെ ടൂളുകൾ.
അനുഭാവികളിൽനിന്നും പ്രവർത്തകരിൽനിന്നും നേതൃഗുണമുള്ളവരെ കണ്ടെത്തി വളർത്തിയെടുത്ത് പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതിൽനിന്ന് മറ്റു പാർട്ടികളിലെ നേതാക്കളെ റാഞ്ചിയെടുത്ത് അധികാരം ഉറപ്പിക്കുക എന്ന നിലയിലേക്കു രാജ്യത്തെ രാഷ്ട്രീയ പ്രവർത്തനം മാറിയിരിക്കുന്നു. ഏറിയും കുറഞ്ഞും മിക്ക രാഷ്ട്രീയ പാർട്ടികളും ഈ മാർഗമാണ് അവലംബിക്കുന്നത്. ഭരണത്തിലിരിക്കുന്ന പാർട്ടികൾ ഈ മാർഗത്തിൽ അഭിരമിക്കുന്നുവെന്നതാണ് സമീപകാല അനുഭവം.
ഇത്തരത്തിൽ കൂറുമാറിയെത്തുന്നവർക്ക് സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വാരിക്കോരി നൽകാനും നേതൃത്വം തയാറാണ്. വർഷങ്ങളോളം പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയവർ നിർദാക്ഷിണ്യം തഴയപ്പെടുന്നതും പതിവായിരിക്കുന്നു. ഒരു പാർട്ടി വിട്ട് മറ്റൊന്നിലേക്ക് നേതാക്കളും പ്രവർത്തകരും മാറുന്നതിനെ കുറ്റമായി കാണാനാവില്ല. അത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതിഫലനവുമാണ്. എന്നാൽ അധികാരത്തിന്റെ പിൻബലത്തിൽ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ നേതാക്കളെ പാർട്ടിമാറ്റുന്നത് ജനാധിപത്യത്തിന്റെ ദുർമേദസിനെയാണ് വെളിവാക്കുന്നത്.
ഇപ്പോൾ കേരളത്തിൽ ഉയർന്നുവരുന്ന വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്ന "ദല്ലാൾ'മിക്ക രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും അടുപ്പക്കാരനാണെന്നു വ്യക്തമാണ്. ഭൂമികച്ചവടത്തിലും കോഴ നൽകുന്നതിലും മാത്രമല്ല നേതാക്കളെ കൂറുമാറ്റുന്നതിലടക്കം ഈ ദല്ലാളുടെ സേവനം ചില നേതാക്കൾ സ്വീകരിക്കുന്നുവെന്നും അനുമാനിക്കണം.
തന്നെയുമല്ല മറ്റു പാർട്ടികളിൽനിന്നു നേതാക്കളെ ചാക്കിട്ടുപിടിക്കാൻ ചിലർക്കു ചുമതലതന്നെ നൽകിയിരിക്കുന്നുവെന്ന വെളിപ്പെടുത്തലും ഇതിനോടു ചേർന്ന് പുറത്തുവന്നു. എത്ര പരിതാപകരവും അന്തസില്ലാത്തതുമായ രാഷ്ട്രീയപ്രവർത്തനമാണിത്. ഇത്തരത്തിൽ അധികാരം പിടിക്കാൻ ശ്രമിക്കുന്നവർ ആരുതന്നെയായാലും ജനാധിപത്യത്തിന് തീരാക്കളങ്കമാണ് വരുത്തിവയ്ക്കുന്നത്.
പണച്ചാക്കും ദല്ലാളുമായി രാഷ്ട്രീയ മാർക്കറ്റിൽ കറങ്ങിനടക്കുന്നവരുടെ ആദർശത്തെ എന്തുപേരു വിളിക്കണം? അവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പ്രത്യാഘാതങ്ങൾ ഈ രാജ്യത്തെ എവിടെ കൊണ്ടുചെന്നെത്തിക്കും? ഗുജറാത്തിൽ പത്രിക തള്ളാൻ കൂട്ടുനിന്ന് ബിജെപിക്ക് എതിരില്ലാതെ വിജയം സമ്മാനിച്ച കോൺഗ്രസ് സ്ഥാനാർഥിക്കു പിന്നിലും ഇത്തരം ദല്ലാൾമാർ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.
പുറമേ ബിജെപി വിരോധം പ്രസംഗിച്ചുകൊണ്ട് ബിജെപിയിൽ ചേരാൻ കരുനീക്കിയെന്ന ആരോപണം നേരിടുന്ന സിപിഎം നേതാവും വിവാദ ദല്ലാളും തമ്മിലുള്ള കൂട്ടുകെട്ട് പുതുമയുള്ളതല്ല. പരസ്യമായ ഈ ബന്ധം ഇപ്പോഴാണ് അവിശുദ്ധമായി സിപിഎമ്മിനു ബോധ്യമാകുന്നത് എന്നു മാത്രം. പാർട്ടി നടത്തിക്കൊണ്ടുപോകാനും തെരഞ്ഞെടുപ്പിനെ നേരിടാനും വലിയ തോതിൽ പണമൊഴുക്കണമെന്ന അവസ്ഥയിലാണ് ഇന്ത്യൻ രാഷ്ട്രീയം എത്തിനിൽക്കുന്നത്.
പണമൊഴുക്കി അധികാരം പിടിച്ചാൽ ഏതുവിധേനയും സമ്പത്തു കുന്നുകൂട്ടാമെന്ന് പാർട്ടികൾക്കും നേതാക്കൾക്കും ഉറപ്പുമുണ്ട്. ഈ സാഹചര്യമാണ് വിദഗ്ധരായ ദല്ലാളുമാർ അവസരമാക്കുന്നത്. എത്രയോ ഡീലുകൾ ഇരുചെവിയറിയാതെ നടന്നിട്ടുണ്ടാകും. വെളിപ്പെടുന്നതുപോലും ആരോപണത്തിനപ്പുറത്തേക്കു കടക്കുന്നുമില്ല.
പല പാർട്ടികളിലും വഴിവിട്ട നീക്കങ്ങൾ നടത്തുന്ന നേതാക്കളെ തിരുത്താൻ നേതൃത്വത്തിന് ശക്തിയില്ല. കാരണം പല നീക്കുപോക്കുകളും നേതൃത്വത്തിന്റെകൂടി അറിവോടെയായിരിക്കും. ചില അപ്പക്കഷണങ്ങൾ കിട്ടുന്നതിനാൽ അണികളും സംതൃപ്തരാണ്. ഇത്തരം മൂന്നാംകിട രാഷ്ട്രീയം നിറഞ്ഞാടുമ്പോൾ സംശുദ്ധ രാഷ്ട്രീയമെന്നത് ഇന്ത്യൻ ജനതയ്ക്ക് അന്യമാവുകയാണോ?