അമിത് ഷായാണോ രാഹുൽ ഗാന്ധിയാണോ മല്ലികാർജുൻ ഖാർഗെയാണോ ഒരു പദവിയിൽ ഇരിക്കുന്നതെന്നു നോക്കിയല്ല ആ പദവിയോടുള്ള ബഹുമാനം പ്രകടിപ്പിക്കേണ്ടത്. പ്രതിപക്ഷ അംഗങ്ങളാരും ഓടു പൊളിച്ച് പാർലമെന്റിലേക്ക് ഇറങ്ങിവന്നവരല്ല എന്ന യാഥാർഥ്യം മറക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതും അവരെ തെരഞ്ഞെടുത്ത ജനങ്ങളെ അവഹേളിക്കുന്നതുമാണ്.
ഒരു പ്രതിപക്ഷത്തിന്റെ നിലനിൽപ്പിൽ മാത്രമേ ജനാധിപത്യത്തെ അളക്കാൻ കഴിയൂ എന്നു പറഞ്ഞത് ഡാനിഷ് എഴുത്തുകാരനായ പോൾ ഹെന്നിംഗ്സെനാണ്. രാജ്യത്തിന്റെ അഭിമാനബോധമുയരേണ്ട സ്വാതന്ത്ര്യദിന പരിപാടിയിൽ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവിനു നാലാം നിരയിൽ ഇരിപ്പിടം നൽകി കേന്ദ്രസർക്കാർ കല്ലുകടി സൃഷ്ടിച്ചിരിക്കുന്നു.
എഴുപത്തെട്ടാം സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ കാബിനറ്റ് റാങ്ക് പദവിയുള്ള പ്രതിപക്ഷ നേതാവിനു പിന്നിൽനിന്നു രണ്ടാം നിരയിൽ മാത്രം ഇരിപ്പിടം. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, അമിത് ഷാ, എസ്. ജയ്ശങ്കർ, ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരായിരുന്നു മുൻനിരയില്. അവർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലായി ഒളിന്പിക്സിലെ വെങ്കലമെഡൽ ജേതാക്കൾക്കൊപ്പമായിരുന്നു പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ സ്ഥാനം.
പ്രോട്ടോക്കോൾ പ്രകാരം പ്രതിപക്ഷനേതാവിന് മുൻനിരയിൽ സീറ്റ് നൽകേണ്ടതായിരുന്നു. ഇന്ത്യയുടെ മുൻ ചരിത്രവും കീഴ്വഴക്കവും ജനാധിപത്യബോധ്യവും അതുതന്നെയാണ്. വാജ്പേയി സർക്കാരിന്റെ കാലത്തു പ്രതിപക്ഷ നേതാവായിരുന്ന സോണിയ ഗാന്ധിക്ക് മുൻനിരയിൽ ഇരിപ്പിടം നൽകിയിരുന്നു.
രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയ നേതാവിനോടു ഭരണപക്ഷത്തിനു പല വിയോജിപ്പുകളും കണ്ടേക്കാം. അതുപോലെ നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിനോടു പ്രതിപക്ഷത്തിനും വിയോജിപ്പുകൾ കണ്ടേക്കാം. ആ വിയോജിപ്പും എതിർപ്പും പ്രകടമാക്കാനാവശ്യമായ നിലപാടുകളും സമീപനങ്ങളും സ്വീകരിക്കുന്നതിലും തെറ്റില്ല.
എന്നാൽ, രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന പദവിയെയും പ്രതിപക്ഷനേതാവ് എന്ന പദവിയെയും അനാദരിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ യശസിനു കളങ്കം ചാർത്തുന്നതാണ്.
അമിത് ഷായാണോ രാഹുൽ ഗാന്ധിയാണോ മല്ലികാർജുൻ ഖാർഗെയാണോ ഒരു പദവിയിൽ ഇരിക്കുന്നതെന്നു നോക്കിയല്ല ആ പദവിയോടുള്ള ബഹുമാനം പ്രകടിപ്പിക്കേണ്ടത്.
പ്രതിപക്ഷ അംഗങ്ങളാരും ഓടു പൊളിച്ച് പാർലമെന്റിലേക്ക് ഇറങ്ങിവന്നവരല്ല എന്ന യാഥാർഥ്യം മറക്കുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതും അവരെ തെരഞ്ഞെടുത്ത ജനങ്ങളെ അവഹേളിക്കുന്നതുമാണ്. പ്രതിപക്ഷനേതാവിനെ അപമാനിച്ചതിൽ രൂക്ഷവിമർശനം ഉയർന്നതോടെ ആർക്കും ദഹിക്കാത്ത ഒരു വിശദീകരണം ഇറക്കി തടിതപ്പിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം.
ഒളിന്പിക്സ് മെഡൽ ജേതാക്കൾക്ക് ഇരിപ്പിടമൊരുക്കാനാണ് ഇങ്ങനെയൊരു ക്രമീകരണം കൊണ്ടുവന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. എന്തായാലും അർഹമായ ഇരിപ്പിടം നൽകാതിരുന്നിട്ടും അതിൽ അസ്വസ്ഥതയോ പ്രതിഷേധമോ പ്രകടിപ്പിക്കാതിരുന്ന രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ആ പരിപാടിയുടെ അന്തസ് കാത്തു.
നരേന്ദ്ര മോദി സർക്കാർ ഇതുവരെ പ്രതിപക്ഷത്തെ കൈകാര്യം ചെയ്ത രീതി കാണുന്പോൾ ഇതൊന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നു കരുതാൻ നിർവാഹമില്ല. കാരണം, കഴിഞ്ഞ പത്തു വർഷമായി രാജ്യത്തു പ്രതിപക്ഷ നേതാവ് പദവിയിൽ ആരും ഉണ്ടായിരുന്നില്ല. ചട്ടപ്രകാരം പ്രതിപക്ഷനേതാവ് സ്ഥാനം കൊടുക്കാൻ പര്യാപ്തമായ സീറ്റ് നേടിയ പാർട്ടികൾ ഉണ്ടായിരുന്നില്ല എന്ന സാങ്കേതികത്വം പറഞ്ഞ് ആ പദവി ഒഴിച്ചിടുകയാണു ചെയ്തത്.
എന്നാൽ, സാങ്കേതികത്വത്തിൽ തൂങ്ങാൻ കഴിയാത്തവിധം പാർലമെന്റിൽ പ്രതിപക്ഷം ആൾബലം നേടിയതോടെ ഇത്തവണ പ്രതിപക്ഷ നേതൃസ്ഥാനം കൊടുക്കാൻ മൂന്നാം നരേന്ദ്ര മോദി സർക്കാർ നിർബന്ധിതമായി. ഇക്കാര്യത്തിൽ മാത്രമല്ല, പ്രതിപക്ഷം തന്ത്രപ്രധാനമായ ഒരു സ്ഥാനത്തേക്കും വരാതിരിക്കാനുള്ള ജാഗ്രത കേന്ദ്രസർക്കാർ പുലർത്തുന്നുണ്ട്.
പ്രതിപക്ഷത്തിനു നൽകേണ്ടിവരുമെന്നതുകൊണ്ടാവണം, കഴിഞ്ഞ പ്രാവശ്യം ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ആരെയും നിയോഗിച്ചിരുന്നില്ല. മൂന്നാം മോദി സർക്കാരും ഇതുവരെയും ഡെപ്യൂട്ടി സ്പീക്കറെ നിയോഗിക്കാൻ തയാറായിട്ടില്ല. ഡെപ്യൂട്ടി സ്പീക്കർസ്ഥാനം പ്രതിപക്ഷത്തിനു നൽകുന്ന കീഴ്വഴക്കമാണ് ഇതിനുള്ള തടസം.
പ്രതിപക്ഷത്തെ കഴിവതും അകറ്റിയും ഒതുക്കിയും പാർലമെന്ററി സംവിധാനം മുന്നോട്ടു കൊണ്ടുപോകാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നു കരുതേണ്ടിവരും. രാജ്യസഭയിൽ പ്രതിപക്ഷത്തെ അപമാനിച്ചെന്നാരോപിച്ച് രാജ്യസഭാ ചെയര്മാന് ജഗദീപ് ധന്കറിനെതിരേ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷനീക്കവും ഇതിനോടു ചേർത്തുവായിക്കണം.
ജനം തെരഞ്ഞെടുത്ത സർക്കാരാണ് രാജ്യം ഭരിക്കുന്നതെന്നു പറയുന്നതുപോലെതന്നെ ജനം തെരഞ്ഞെടുത്ത പ്രതിപക്ഷമാണ് പാർലമെന്റിലുള്ളത്. എല്ലാം അടിച്ചേല്പിക്കുന്ന ഒരു സർക്കാരിനെയും എല്ലാറ്റിനെയും കണ്ണുമടച്ച് എതിർക്കുന്ന ഒരു പ്രതിപക്ഷത്തെയുമല്ല രാജ്യത്തിനാവശ്യം.
അഭിപ്രായങ്ങളെയും ചർച്ചകളെയും മാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു സർക്കാരും ക്രിയാത്മകമായി ഇടപെടുന്ന ഒരു പ്രതിപക്ഷവുമാണ് വേണ്ടത്. ഓർക്കുക, എതിർശബ്ദങ്ങൾ ഉയരാതിരിക്കാൻ ശ്രമിച്ചിട്ടുള്ളവരെയെല്ലാം ലോകം വിളിച്ചിട്ടുള്ളത് ഏകാധിപതികളെന്നാണ്.