ഭിന്നശേഷിക്കാരായ കുട്ടികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം ശ്രദ്ധിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നു സർക്കാരിനു തോന്നിയെങ്കിൽ അതിൽ മനുഷ്യവിരുദ്ധതയുണ്ട്. പുറത്തെ കരച്ചിൽ ആരുടേതാണെന്നു കേൾക്കാനാകുന്നില്ലെങ്കിൽ നിയമസഭയിൽ ഇരിക്കുന്നവർ അതിനു യോഗ്യരല്ല.
നിസഹായരായ കുറെ മനുഷ്യർക്ക് ഓണത്തലേന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ സഹായമഭ്യർഥിച്ചു നിൽക്കേണ്ടിവരുന്നത് എത്ര ദയനീയമാണ്. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരും അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരുമാണ് കഴിഞ്ഞദിവസം തലസ്ഥാനത്തു സമരം നടത്തിയത്.
നാസി ജർമനിയിൽ ഭിന്നശേഷിക്കാരെ അധികപ്പറ്റായിട്ടാണ് ഹിറ്റ്ലർ കണ്ടത്. അയാൾ വംശീയവാദിയും നരാധമനുമായിരുന്നു എന്നതാണ് അതിനു കാരണം. പക്ഷേ, ജനാധിപത്യരാജ്യത്ത് ഭിന്നശേഷിക്കാർ അധികപ്പറ്റാണെന്നു വിശേഷിപ്പിക്കുന്നില്ലെങ്കിലും പെരുമാറ്റം ആ വിധത്തിലാകുന്നത് നീചമാണ്.
സ്വന്തം കാര്യംപോലും നോക്കാൻ കെൽപ്പില്ലാത്ത കുട്ടികൾ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ മറ്റുള്ളവരുടെ സഹായത്തോടെയാണ് എത്തിയത്. സെക്രട്ടേറിയറ്റിനു പുറത്ത് ആരാണ് കരഞ്ഞുകൊണ്ടു നിൽക്കുന്നതെന്ന് അന്വേഷിക്കുകപോലും ചെയ്യാതെ ജനക്ഷേമം മുന്നോട്ടു കൊണ്ടുപോകാനാകുമോ? അതു കേൾക്കാൻ തയാറാകാത്തവർ നിയമസഭയിലിരിക്കാൻ യോഗ്യരല്ല.
ഭിന്നശേഷിക്കാരായ കുട്ടികളോടും അവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളോടുമുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരം നടത്തേണ്ടിവന്നത്. അതിനായി, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെയുമായി രക്ഷിതാക്കളും അവർക്കുവേണ്ടി രാപകൽ ഓടിനടക്കുന്ന കുറെ നല്ല മനുഷ്യരും സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തുകയായിരുന്നു.
ആ കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണം. 44 ലക്ഷത്തോളം കുട്ടികൾക്ക് സംസ്ഥാന സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകുന്പോൾ, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അനുയോജ്യമായ സൗജന്യ വിദ്യാഭ്യാസം നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. അവരിലെ 18 വയസ് പൂർത്തിയായവർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രങ്ങൾക്ക് എല്ലാ വർഷവും ബജറ്റിൽ തുക നീക്കിവയ്ക്കാറുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.
കുടുംബപെൻഷനുകളുടെ പ്രതിമാസ വരുമാനപരിധി 5,000 ആക്കി കുറച്ചതോടെ ഭൂരിപക്ഷം ഗുണഭോക്താക്കളും പദ്ധതിക്കു പുറത്തായി. ഓട്ടിസം, സെറിബ്രൽ പാൾസി, ഒന്നിലധികം വൈകല്യങ്ങൾ തുടങ്ങിയവയുള്ളവർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക ചികിത്സച്ചെലവ് നൽകുന്ന പദ്ധതിയാണ് ‘നിരാമയ’. കഴിഞ്ഞ വർഷം മുതൽ സർക്കാർ അതിന്റെ പ്രീമിയം അടയ്ക്കുന്നതും മുടക്കി. ഇപ്പോൾ ചികിത്സാ സഹായം കിട്ടുന്നില്ല.
ബിപിഎൽ വിഭാഗത്തിന് 250 രൂപയും എപിഎൽ വിഭാഗത്തിന് 500 രൂപയുമാണ് പ്രീമിയം. അത് അടയ്ക്കാതായതോടെ മിക്കവരും പദ്ധതിയിൽനിന്നു പുറത്തായി. സ്വന്തമായി പ്രീമിയം അടച്ചവർക്കും രണ്ടു വർഷമായി കിട്ടേണ്ട പണം കിട്ടുന്നില്ല. സർക്കാർ ഇടപെടുന്നില്ല.
വിഖ്യാത അമേരിക്കൻ നടൻ മോർഗൻ ഫ്രീമാൻ കഴിഞ്ഞ വർഷം സൺഡേ ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്, “എന്നെ ആഫ്രിക്കൻ-അമേരിക്കൻ എന്നു വിളിക്കരുത്, അത് അധിക്ഷേപമാണ്. കറുത്തവരുടെ ചരിത്രം അമേരിക്കയുടെ ചരിത്രമാണ്” എന്ന്. ഏതാണ്ട് ഇതേ രീതിയിലാണ് കഴിഞ്ഞ മാസം, ഭിന്നശേഷിക്കാരെ അംഗപരിമിതരെന്നോ വികലാംഗരെന്നോ അഭിസംബോധന ചെയ്യരുതെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
ഭിന്നശേഷിക്കാർ എന്ന പദം മാത്രം ഉപയോഗിക്കാനാണ് നിർദേശം. പദം മാറ്റുന്നത് തീർച്ചയായും മാനസികമായി ബലം കൊടുക്കുമായിരിക്കും. പക്ഷേ, അതോടൊപ്പം അടിസ്ഥാനപരമായി വേണ്ടതായ സാന്പത്തികം ഉൾപ്പെടെയുള്ള പിന്തുണയും കൊടുക്കണം. അല്ലെങ്കിൽ പ്രകടനപരതയ്ക്ക് അപ്പുറത്തേക്കുള്ള മാറ്റം അസാധ്യമാകും; കോളനി എന്ന പദം മാറ്റി നഗർ എന്നാക്കുന്നതുപോലെ.
ഭിന്നശേഷിക്കാരും മനുഷ്യരാണ് എന്ന ബോധ്യത്തോടെ സർക്കാരും സമൂഹവും പെരുമാറാത്തതുകൊണ്ടാണ് തങ്ങളും മനുഷ്യരല്ലേയെന്ന് ആ കുട്ടികൾക്കു സെക്രട്ടേറിയറ്റിനു മുന്നിലെത്തി ചോദിക്കേണ്ടിവന്നത്. കന്യാസ്ത്രീകളും വൈദികരും ഉൾപ്പെടെ നിരവധി മനുഷ്യർ ഇത്തരം കുട്ടികളുടെ പരിചരണത്തിനുവേണ്ടി ഓടിനടക്കുന്നതുകൊണ്ടാണ് അവർ ഇത്രയെങ്കിലും സന്തോഷമായിരിക്കുന്നതെന്നു മറക്കരുത്.
ആ മനുഷ്യരോടും സന്നദ്ധ സംഘടനകളോടുമൊക്കെ ഒപ്പമുണ്ടെന്നു പറയേണ്ട സർക്കാരാണ് കാഴ്ചക്കാരായി നിൽക്കുന്നത്. ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള പദ്ധതികളുടെ പേരു പറയാൻ നമുക്കേറെയുണ്ട്. പക്ഷേ, അവയിൽ പലതിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് സർക്കാർ ഒന്നന്വേഷിക്കണം. കുറവുകൾ പരിഹരിക്കണം.
ഇത്തരം കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ നാം തയാറാകുന്നില്ലെങ്കിൽ നിങ്ങൾ അധികപ്പറ്റാണെന്ന് അവരോടു പറയുന്നതിനു തുല്യമല്ലേ? ഒരു ജനാധിപത്യത്തിൽ പറയാൻ പറ്റുന്ന വാക്കാണോ അത്?