ആരോഗ്യ സർവകലാശാലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സീറ്റ് വർധന
Saturday, December 26, 2020 8:07 PM IST
തൃശൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി 91 സീറ്റുകൾ വർധിപ്പിക്കാൻ ആരോഗ്യ സർവകലാശാല ഭരണസമിതി യോഗം തീരുമാനിച്ചു. എല്ലാ വിഭാഗങ്ങളിലുമായി ബിരുദ ബിരുദാനന്തര കോഴ്സുകളിലാണു സീറ്റ് വർധന.
ആരോഗ്യമേഖലയിൽ ഗവേഷണം ത്വരിതപ്പെടുത്താൻ നാല് സ്കൂളുകൾ തുടങ്ങാനും യോഗം തീരുമാനിച്ചു. സർവകലാശാലാതലത്തിൽ ഗവേഷണ ഫെല്ലോഷിപ്പുകളും പിഎച്ച്ഡിയും ആരംഭിക്കും. അടുത്ത സാമ്പത്തികവർഷം 112.72 കോടി രൂപയുടെ വരുമാനവും 105.45 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യോഗം അംഗീകരിച്ചു.
വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. പ്രോ വൈസ് ചാൻസലർ പ്രഫ. ഡോ. സി.പി. വിജയൻ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംല ബീവി, ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.