പഞ്ചവത്സര എൽഎൽബി: ഓണ്‍ലൈൻ അലോട്ട്മെന്റ്
തിരുവനന്തപുരം: കേരളത്തിലെ നാലു സർക്കാർ ലോ കോളജുകളിലെയും സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ കോളജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിൽ നിലവിലുണ്ടായിരുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള ഓണ്‍ലൈൻ അലോട്ട്മെന്റ് (മോപ്അപ്) വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഈ ഘട്ടത്തിൽ പുതുതായി അലോട്ട്മെന്റ് ലഭിച്ചവരും രണ്ടാം ഘട്ടത്തിൽ ലഭിച്ച അലോട്ട്മെന്റിന് മാറ്റം വന്നവരും അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഒടുക്കേണ്ട ഫീസ് ഓണ്‍ലൈനായോ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്റ്റോഫീസ് മുഖേനയോ ഒടുക്കിയ ശേഷം അവരവരുടെ അലോട്ട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം 26 വരെ വൈകുന്നേരം നാലിനകം (അവധി ദിനങ്ങൾ ഒഴികെ) ബന്ധപ്പെട്ട കോളജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടേണ്ടതാണ്.
അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ പ്രകാരം ബാക്കി ഫീസ് ഒടുക്കേണ്ടതുണ്ടെങ്കിൽ അവ കോളജിൽ ഒടുക്കണം. പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അതത് കോളജ് പ്രിൻസിപ്പൽമാർ അംഗീകരിച്ച് 26നു വൈകുന്നേരം അഞ്ചിനു മുന്‍പായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓണ്‍ലൈൻ അഡ്മിഷൻ മാനേജ്മെന്റ് സിസ്റ്റം മുഖേന സമർപ്പിക്കണം.
നിർദിഷ്ട തീയതികളിൽ അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ നിലവിലുള്ള അലോട്ട്മെന്റ് നഷ്ടപ്പെടും.
ആദ്യ രണ്ട് ഘട്ട അലോട്ട്മെന്റുകൾ പ്രകാരം പ്രവേശനം നേടിയിരിക്കുന്ന വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ അലോട്ട്മെന്റ് മാറ്റം ലഭിക്കുന്ന പക്ഷം ഇതിനോടകം നേടിയിട്ടുള്ള പ്രവേശനം സ്വാഭാവികമായും നഷ്ടപ്പെടുന്നതിനാൽ നിലവിൽ പ്രവേശനം നേടിയിരിക്കുന്ന കോളജുകളിൽ നിന്നും ടിസിയും അനുബന്ധ രേഖകളും കോളജിൽ പ്രവേശനം നേടിയ സമയത്ത് അടച്ച തുകയും തിരികെ വാങ്ങി പുതിയ കോളജിൽ നിർദിഷ്ട തീയതിക്കുള്ളിൽ പ്രവേശനം നേടണം. ഫോണ്‍ : 04712339101, 2339102, 103, 104, 2332123.