സ്വജീവൻ പണയപ്പെടുത്തി രോഗിക്ക് ശുശ്രൂഷ നൽകിയ സിജോ സെബാസ്റ്റ്യൻ
കലിതുള്ളിയ പെരുവെള്ളത്തിൽ കേരളം കണ്ണീർ കടലായപ്പോൾ ഇങ്ങനെയും ചിലരുണ്ടായിരുന്നു, സ്വന്തം ജീവൻ പണയപ്പെടുത്തിയും തങ്ങളുടെ ശുശ്രൂഷയായ രോഗീപരിചരണം തുടർന്നവർ... തലയ്ക്കു മീതേയ്ക്ക് പെരുവെള്ളം ഉയർന്നപ്പോഴും കിടപ്പു രോഗിയായ തന്‍റെ പേഷ്യന്‍റിനെ ശുശ്രൂഷിച്ച് അവരുടെ ജീവൻ നിലനിർത്തി സിജോ സെബാസ്റ്റൻ എന്ന യുവാവ്.

വെള്ളപ്പൊക്കം കടന്നാക്രമിച്ച ആലുവയിലെ ഒരു ഫ്ലാറ്റിലായിരുന്നു സിജോയും അദ്ദേഹത്തിന്‍റെ 45 കാരനായ പേഷ്യന്‍റും. തൊണ്ടയിലൂടെ ട്യൂബ് ഇട്ട് കഫം എടുത്ത് കളയേണ്ടിയിരുന്ന കിടപ്പ് രോഗിയെയായിരുന്നു സിജോ ശുശ്രൂഷിച്ചിരുന്നത്. ഗ്രൗണ്ട് ഫ്ലോറിലായിരുന്നു സിജോയും രോഗിയും കഴിഞ്ഞിരുന്നത്. വൈദ്യുത ബന്ധങ്ങൾ തകരാറിലായി. കഫം എടുത്ത് കളയുന്ന സക്‌ഷൻ മെഷീൻ പ്രവർത്തിപ്പിക്കാനാകാത്തതോടെ രോഗിയുടെ അവസ്ഥ ഗുരുതരമായി. പനിയും ഉണ്ടായിരുന്നു. വെള്ളം രണ്ടാം നിലയിലേക്ക് ഉയർന്നപ്പോഴും ഫ്ലാറ്റ് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കൂട്ടാക്കാത്ത ഫ്ലാറ്റ് അധികൃതർ രോഗിയുടെ മരണത്തിന് ഉത്തരവാദികളാകുമെന്ന് സിജോ വ്യക്തമാക്കി. അതോടെ ആരോ ഒരു യുപിഎസ് നല്കി. അതിന്റെ സഹായത്തോടെ സക്‌ഷൻ‌ മെഷീൻ പ്രവർത്തിപ്പിക്കാൻ സാധിക്കുകയും രക്ഷാപ്രവർത്തകരുടെ ബോട്ട് എത്തുന്നതു വരെ രോഗിയുടെ ജീവൻ പിടിച്ചു നിർത്താൻ കഴിയുകയും ചെയ്തു.


കരകവിഞ്ഞ പെരിയാർ ആലുവ നഗരത്തെ വിഴുങ്ങുന്ന വാർത്ത ഞെട്ടലോടെ അറിഞ്ഞ സിജോയുടെ കുടുംബാംഗങ്ങൾ സിജോയോട് മടങ്ങിവരാൻ ഇതിനിടെ മുറവിളികൂട്ടി. വിദേശത്തുള്ള ഭാര്യയടക്കം ആവശ്യപ്പെട്ടെങ്കിലും തന്‍റെ ജീവനേക്കാൾ രോഗിയുടെ ജീവനു പ്രാധാന്യം നൽകിയ സിജോ ശുശ്രൂഷ തുടരുകയായിരുന്നു. കെയറിംഗ് പീപ്പിൾ ഹോം കെയർ കമ്പനിയുടെ കൊച്ചി ബ്രാഞ്ചിലെ രജിസ്ട്രേഡ് നഴ്സ് ആണ് സിജോ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.