പ്ലാസ്റ്റിക് കുപ്പിവെള്ള നിരോധനം അഭിനന്ദനാർഹം
Sunday, December 9, 2018 12:24 AM IST
പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം വിൽക്കുന്നതു ജനുവരി ഒന്നുമുതൽ നിയന്ത്രിക്കാനുള്ള തീരുമാനം അഭിനന്ദനാർഹമാണ്. തുടക്കത്തിൽ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും ഹൗസ് ബോട്ടുകളിലും ആശുപത്രികളിലും ആണ് ഇത്തരം കുപ്പികൾക്ക് നിരോധനം എന്ന് അറിയുന്നു. ഒരു നല്ല നാളേയ്ക്കുള്ള കാൽവയ്പാണ് ഈ തീരുമാനം.
ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ വെള്ളത്തിലും നിരത്തുകളിലുമെല്ലാം കാണാം. ആരംഭത്തിലേ ഇതിന്റെ ഉപയോഗം പൂർണമായും നിരോധിക്കാൻ കഴിയണം. ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ ആവാസ വ്യവസ്ഥയെ തന്നെ മാറ്റിമറിക്കും. കടൽ ജീവികളിൽ പലതും ചത്തൊടുങ്ങുന്നത് പ്ലാസ്റ്റിക് അകത്തുചെല്ലുന്നതുകൊണ്ടാണ്. കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ നിയമം കർശനമായും നടപ്പാക്കിയാൽ അതൊരു വലിയ മാറ്റത്തിനു തന്നെ കാരണമാകും. വിനോദ യാത്രയ്ക്ക് പുറപ്പെടുന്നവർ വീട്ടിൽ നിന്നു കുടിക്കാനുള്ള വെള്ളം കൂടി കരുതിയാൽ ഒരു പരിധിവരെ ഈ പാരിസ്ഥിതിക പ്രശ്നം ഒഴിവാക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടി ഈ നിയമം നടപ്പാക്കണം. ഇത്തരം സ്ഥാപനങ്ങളിൽ ശുദ്ധീകരിച്ച കുടിവെള്ളം യഥേഷ്ടം ലഭ്യമാക്കിയാൽ കുട്ടികളുടെ ബാഗിന്റെ ഭാരം കുറയുന്നുവെന്ന മെച്ചവും കിട്ടും. ഈ സംവിധാനം ഭാവിയിൽ സർക്കാർ ഓഫീസുകളിലും നടപ്പാക്കുവാൻ ശ്രമം ഉണ്ടാകണം.
സുഗതൻ എൽ. ശൂരനാട്, കൊല്ലം