കലാലയ രാഷ്ട്രീയാഭാസം നിയന്ത്രിക്കപ്പെടുകതന്നെവേണം
Sunday, August 4, 2019 1:30 AM IST
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കാന്പസിൽ വിദ്യാർഥിക്കു കുത്തേറ്റതിനെ തുടർന്നുണ്ടായ പോലീസ് അന്വേഷണവും തുടർന്നു മറനീക്കി പുറത്തുവന്ന വസ്തുതകളും ആരെയും നാണിപ്പിക്കുന്നതും പ്രകോപിപ്പിക്കുന്നതുമാണ്.
യൂണിവേഴ്സിറ്റി കോളജ് കാന്പസിനുള്ളിലെ ഒരുപറ്റം വിദ്യാർഥി രാഷ്ട്രീയക്കാരുടെ അതിരുവിട്ട ഗുണ്ടായിസവും അധാർമികതയിലാണ്ട പ്രവർത്തനവും പണ്ടേ സുവിദംതന്നെയാണ്. ഇന്നിപ്പോൾ അതു പൂഴ്ത്തിവയ്ക്കാനാവാതെ പകൽ വെളിച്ചത്തിൽ ഉത്തമമായ തെളിവോടെ നിലകൊള്ളുന്പോഴാണ് തങ്ങളുടെ പിന്തുടർച്ചക്കാരായ വിദ്യാർഥി രാഷ്ട്രീയ ഗുണ്ടകളുടെ അതിരുവിട്ട പോക്കിനെ തള്ളിപ്പറയാനും അപഹസിക്കാനുമൊക്കെ നേതൃത്വത്തിൽ ഒരു വിഭാഗം തയാറായിരിക്കുന്നതെന്നുവേണം മനസിലാക്കാൻ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നവർ ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വപദവിയിലുണ്ട്. അക്കാലത്ത് അവരെ പ്രചോദിപ്പിച്ചിരുന്ന, അപരനെയും അയാളുടെ ജനാധിപത്യ അവകാശങ്ങളെയും ഉൾക്കൊള്ളാനുള്ള വിശാലമായ കാഴ്ചപ്പാട് എവിടെവച്ചാണ് കൈവിട്ടുപോയതെന്നും അത് എന്തുകൊണ്ടെന്നും അതു തിരികെപ്പിടിക്കാൻ എന്താണ് വഴിയെന്നും ഇരുത്തിച്ചിന്തിപ്പിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുന്നതാണ് യൂണിവേഴ്സിറ്റി കോളജിനുള്ളിൽ നടന്നത്. നാളത്തെ സമൂഹസൃഷ്ടിയുടെ വക്താക്കൾ ഇത്തരത്തിൽ അധാർമികതയുടെ പടുകുഴിയിലകപ്പെടുന്ന അവസ്ഥ ഭീഷണമെന്നേ പറയേണ്ടതുള്ളൂ.
ഗുരുസ്ഥാനത്തുള്ളവർക്കും വിദ്യാർഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തിലുള്ളവർക്കും ഇവരുടെ വഴിവിട്ട ചെയ്തികൾ ഒട്ടും അറിഞ്ഞിരുന്നില്ലെന്നു പറഞ്ഞ് കൈകഴുകി രക്ഷപ്പെടാനാവില്ല. ഈ രക്തത്തിൽ തീർച്ചയായും എല്ലാവർക്കും പങ്കുണ്ട്.
കലാലയ രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ നിബന്ധനകളും നിയമനടപടികളും ആവിഷ്കരിക്കേണ്ടത് സുസ്ഥിരമായ സമൂഹസൃഷ്ടിക്കു അനിവാര്യമാണ്.
രാജേന്ദ്രൻ വയല, അടൂർ