ഗുണ്ടാസംഘങ്ങൾ
Thursday, August 8, 2019 11:30 PM IST
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ അഖിലിനെ എസ്എഫ്ഐ പ്രവർത്തകർതന്നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം വലിയ വാർത്തയായല്ലോ. സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ്ഥാനത്തുനിന്നു വിരമിച്ച വ്യക്തി എന്ന നിലയിൽ എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ, കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ നിലനിൽക്കുന്ന ശാപമാണു കാന്പസ് രാഷ്ട്രീയം.
സംസ്ഥാനത്തെ വിദ്യാർഥിസംഘടനകൾ മുഴുവൻ ഗുണ്ടാസംഘങ്ങളാണ്. സ്വന്തം കൈയിലിരുപ്പുകൊണ്ട് ഏതെങ്കിലും ഒരു സംഘടനയിൽപ്പെട്ട ഒരു വിദ്യാർഥിക്ക് എവിടെനിന്നെങ്കിലും ഒരു തല്ലു കിട്ടിയാൽ പിറ്റേന്നു സംസ്ഥാനം മുഴുവൻ വിദ്യാഭ്യാസബന്ദായിരിക്കും.
വിദ്യാർഥികളുടെ സകല അഴിഞ്ഞാട്ടങ്ങൾക്കും കാരണം ഇവിടത്തെ രാഷ്ട്രീയക്കാരാണ്. കോടതിപോലും ഈ മഹാശാപത്തെ വിലക്കിയപ്പോൾ ഇവിടത്തെ രാഷ്ട്രീയ മേലാളന്മാർ അതിനെ എതിർക്കുകയും കാന്പസ് രാഷ്ട്രീയം ശക്തിപ്പെടുത്തുന്നതിനു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. വിദ്യാഭ്യാസനിലവാരം മെച്ചപ്പെടണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരൊറ്റ രാഷ്ട്രീയക്കാരനും സംസ്ഥാനത്തില്ല എന്നതാണു സത്യം.
ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതോടൊപ്പം പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിച്ചു എന്നത് ശരിയാണ്. എന്നാൽ, വിദ്യാഭ്യാസനിലവാരം അല്പംപോലും വർധിച്ചിട്ടില്ല എന്നതാണ് സത്യം. വിദ്യാർഥിസംഘടനകളുടെ അഴിഞ്ഞാട്ടമാണ് ഇതിനു പ്രധാന കാരണം. വിദ്യാർഥി സംഘടനകളുടെ അഴിഞ്ഞാട്ടമില്ലാത്തതുകൊണ്ടുതന്നെ നല്ല അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മക്കളെ അയയ്ക്കാനാണു മക്കൾക്ക് നല്ല ഭാവി ആഗ്രഹിക്കുന്ന രക്ഷിതാക്കളൊക്കെ ആഗ്രഹിക്കുന്നത്.
ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ