മെഡിസെപ് വഞ്ചന
Tuesday, August 20, 2019 10:27 PM IST
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള മെഡിസെപ് പദ്ധതി വലിയ വഞ്ചനയായി. എംപാനൽ ചെയ്ത ആശുപത്രികളുടെ ലിസ്റ്റിൽ ഏവരും പോകുന്ന പ്രധാന ആശുപത്രികൾ ഇല്ല. ചെലവ് കുറഞ്ഞ ചികിത്സ ലഭിക്കുന്ന എറണാകുളം ലിസി, ലൂർദ് എന്നീ ആശുപത്രികൾ, തൃശൂർ ജൂബിലിമിഷൻ, അമല മെഡിക്കൽ കോളജുകൾ, പാലക്കാട് പാലന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ സ്ഥാപനങ്ങൾ അതിൽ ഉൾപ്പെട്ടിട്ടില്ല.
ലിസ്റ്റിൽപ്പെടാത്ത ആശുപത്രിയിൽ പോകണമെങ്കിൽ മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ചട്ടങ്ങൾ പാലിക്കണം. അതായത്, സർക്കാർ ഡോക്ടർ ആ സ്ഥാപനത്തിൽ ചികിത്സ തേടാൻ ശിപാർശ രോഗിക്കു നൽകണം. അത് ഒരിക്കലും നടപ്പുള്ള കാര്യമല്ല. ഒപി ചികിത്സയ്ക്കും നിലവിലുള്ള രോഗങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാണ് എന്ന പ്രചാരണം നടന്നപ്പോൾ സർക്കാർ അത് ഒരുഘട്ടത്തിലും നിഷേധിച്ചില്ല. അസംബ്ലിയിൽ എഴുതി നൽകിയ മറുപടിയിലാണ് പരിരക്ഷ ഇല്ല എന്നു പറയുന്നത്.
2009 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന പെൻഷൻ പരിഷ്കരണ ഉത്തരവിൽ മെഡിക്കൽ അലവൻസ് 300 ആയി വർധിപ്പിച്ചു. മരുന്നുവാങ്ങാൻ ചെറിയ സഹായം. 2014 ജൂലൈ ഒന്നിന് പെൻഷൻ പുതുക്കിയപ്പോൾ മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ നടപ്പിലാക്കാൻ കമ്മീഷൻ ശിപാർശ ചെയ്തു. അതിന്റെ പേരിൽ അലവൻസ് വർധിപ്പിക്കാൻ ശിപാർശ ചെയ്തില്ല. ഇപ്പോൾ അഞ്ചുവർഷം കഴിഞ്ഞാണ് ഇൻഷ്വറൻസ് പരിരക്ഷ, പെൻഷൻകാർക്ക് ഉപയോഗമില്ലാത്തവിധം, നടപ്പിലാക്കാൻ പോകുന്നത്.
യഥാർഥത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൂടിയ നിരക്കിൽ അലവൻസ് ലഭിക്കുന്നതിനു പെൻഷൻകാർക്ക് അർഹതയുണ്ട്. പെൻഷൻകാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരി ഇൻഷ്വറൻസ് നടത്തിപ്പുകാർക്കു നൽകുകയാണു ചെയ്യുന്നത്. മെഡിസെപ് നടത്തിപ്പ് പുതിയ കരാറുകാർക്ക് നൽകുമെന്ന് മന്ത്രി പറഞ്ഞത് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.
കുര്യൻ വാഴപ്പിള്ളി, പ്രതിഭ നഗർ, കല്മണ്ഡപം, പാലക്കാട്