ജനപ്രതിനിധികൾ വഞ്ചകരായാൽ
Thursday, August 22, 2019 12:44 AM IST
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന രാഷ്ട്രീയ കരുനീക്കങ്ങൾ ലജ്ജാകരവും അപലപനീയവുമാണ്. ഒരു ജനാധിപത്യരാജ്യത്ത് ഒരുവിധത്തിലും സംഭവിച്ചുകൂടാത്ത കാര്യങ്ങളാണ് ഇവിടെ നടന്നത്. തങ്ങളെ തെരഞ്ഞെടുത്തയച്ചവരെയും തങ്ങൾ അംഗങ്ങളായിരുന്ന രാഷ്ട്രീയ പാർട്ടിയെയും യാതൊരുളുപ്പും കൂടാതെ തള്ളിപ്പറയുന്ന ജനപ്രതിനിധികൾ വഞ്ചകരല്ലെങ്കിൽ പിന്നെയാരാണ്? വിമത എംഎൽഎമാരുടെ കള്ളക്കളികളെപ്പറ്റിയുള്ള വാർത്തകൾ വെറുപ്പോടുകൂടിയാണ് ജനങ്ങൾ സംസാരവിഷയമാക്കുന്നത്. സന്പത്തും അധികാരവും കൂട്ടുമെങ്കിൽ എന്തു വക്രതയും ആകാം എന്നുവന്നാലോ? രാജ്യസേവനത്തിലേർപ്പെട്ടിരിക്കുന്നവർക്ക് അല്പമെങ്കിലും ധാർമികമൂല്യങ്ങൾ ഉണ്ടായിരിക്കേണ്ടതല്ലേ?
ഈ വിമതരെ സ്വീകരിക്കാൻ മോഹനസുന്ദരവാഗ്ദാനങ്ങളുമായി എത്തുന്നവരുടെ മനഃസ്ഥിതി അതിലും നീചമാണ്. ഏതാനും പേരേ ചാക്കിട്ടുപിടിച്ചാൽ ഒരു സംസ്ഥാനത്തെ ജനകീയസർക്കാരിനെ മറിച്ചിടാൻ പറ്റുമെന്നവർക്കറിയാം. മന്ത്രിപദവും മറ്റെല്ലാ ആനുകൂല്യങ്ങളും വഴിയേ. രാജ്യഭരണമെന്നാൽ ചതിയും വഞ്ചനയുമെന്നാണോ ഇവർ ധരിച്ചുവച്ചിരിക്കുന്നത്?
ഈ രാഷ്ട്രീയ പ്രവണതയ്ക്ക് കടിഞ്ഞാണിട്ട് ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിനേ കഴിയൂ. പക്ഷേ, കള്ളൻ കപ്പലിൽത്തന്നെയാണെങ്കിലോ? കേന്ദ്രത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന പാർട്ടിതന്നെയാണ് എല്ലാ മാറ്റങ്ങളുടെയും ചുക്കാൻപിടിക്കുന്നതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.
ജനങ്ങളിൽ ബഹുഭൂരിപക്ഷവും പാവങ്ങളാണ്. വെറും സാധാരണക്കാർ. പക്ഷേ, അവർ വിഡ്ഢികളല്ലെന്ന് ആനപ്പുറത്തിരിക്കുന്നവർ മനസിലാക്കണം. ഏറെക്കാലം അവരുടെ ക്ഷമ പരീക്ഷിക്കുന്നത് ബുദ്ധിമോശമായിരിക്കും. കാരണം പ്രബുദ്ധരായ ഈ ജനത ഏറെത്താമസിയാതെ ഉയിർത്തെഴുന്നേൽക്കും. തങ്ങളെ വഞ്ചിച്ച നേതാക്കളെ അവർ വെറുതേ വിടില്ല. അവരെ തക്ക പാഠം പഠിപ്പിക്കാൻ കഴിവുള്ളവരാണവർ. പിന്നീടൊരിക്കലും അവർ നിയമസഭ കണ്ടെന്നുവരില്ല.
ഡോ.കുര്യൻ മാതേത്ത്, പാലാ