വിദ്യാഭ്യാസ സാംസ്കാരികാടിത്തറ ശക്തമാവണം
Thursday, August 22, 2019 12:44 AM IST
ഇന്നത്തെ വിദ്യാഭ്യാസ സന്പ്രദായത്തിനു സമൂലമായ പരിവർത്തനം ആവശ്യമാണ്. ഭാരതത്തിന്റെ സെക്കുലറിസവും ബഹുസ്വരതയും വരെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും മറ്റെല്ലാ വിഭാഗങ്ങളുടെയും ന്യായമായ അവകാശങ്ങളും ഉറപ്പാക്കണം. പുതിയ കേന്ദ്രനയം വിദ്യാഭ്യാസരംഗത്ത് അസമത്വം സൃഷ്ടിച്ചേക്കാം. വിദ്യാഭ്യാസ രംഗത്തു ദേശസാത്കരണത്തിനുവരെ സാധ്യതയുണ്ട്. ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിൽ സജീവസാന്നിധ്യമായ ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങൾക്കു പുതിയ നയത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിച്ചിട്ടില്ല എന്നതും സത്യമാണ്.
ഉദ്യോഗസ്ഥരെ വാർത്തെടുക്കുക എന്നതിലുപരി വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യം നിറവേറപ്പെടണം. കണ്ടും കേട്ടും പഠിക്കുക, പൊതുവായ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക എന്നതിനപ്പുറം വളർന്നുവരുന്ന തലമുറയ്ക്കു കാർഷികവൃത്തി പരിശീലനം നൽകി, കർഷകരാണ് നാടിന്റെ നട്ടെല്ലും സന്പത്തും എന്നതു ബോധ്യപ്പെടുത്തുകയും വേണം. മഹാന്മാരുടെ ജീവിതരീതികൾ പാഠപുസ്തകങ്ങളിൽ കൂടുതലായി ഉൾപ്പെടുത്തണം. ഇപ്പോൾ മിക്ക സ്കൂളുകളിലും അടുക്കളത്തോട്ടം വച്ചുപിടിപ്പിക്കുന്നുണ്ട്.
സന്ധ്യാവേളയിൽ വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചു സമർപ്പണം നടത്തണം. ആ വേളയിൽ ഇന്റർനെറ്റിലും ടെലിവിഷനിലും കൂടിയല്ല ആരാധന നടത്തേണ്ടത്. പുരോഗമനപരമായ നന്മയാൽ പൂരിതമായ കാര്യങ്ങളാണ് വിദ്യാഭ്യാസ രീതിയിൽ ഉൾപ്പെടുത്തേണ്ടത്.
ഇപ്പോഴത്തെ വിദ്യാഭ്യാസച്ചെലവ് സാധാരണ കുടുംബങ്ങൾക്കു താങ്ങാവുന്നതല്ല. വിദ്യാഭ്യാസ വായ്പയെടുത്ത് പലരും കുഞ്ഞുങ്ങളെ കടക്കെണിയിൽ പെടുത്തുന്നു. യുവതലമുറയെ ആധുനികയുഗത്തിലെ പൊള്ളത്തരങ്ങളെക്കുറിച്ചു ബോധ്യമാക്കേണ്ട ചുമതല മാതാപിതാക്കൾക്കും അധ്യാപകർക്കുമുണ്ട്.
റെജിമോൻ പുളിക്കൽ, കണ്ണൂർ