എയ്ഡഡ് സ്കൂൾ നിയമനവും സർക്കാർ സത്യവാങ്മൂലവും
Monday, August 26, 2019 11:32 PM IST
കേരളീയ വിദ്യാഭ്യാസരംഗത്തു നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ള വിഭാഗമാണ് എയ്ഡഡ് സ്കൂളുകൾ. ജീവനക്കാർക്കു ശന്പളവും മറ്റ് ആനുകൂല്യങ്ങളും സർക്കാർ നൽകുമെങ്കിലും അവരെ നിയമിക്കുന്നതും നിയന്ത്രിക്കുന്നതും അതതു മാനേജ്മെന്റുകളാണ്. സർക്കാർ ശന്പളം നൽകുന്നതിനാൽ നിയമനങ്ങൾ പിഎസ്സി വഴി നടത്തണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
ഇത്തരുണത്തിൽ കഴിഞ്ഞ 60 വർഷമായി എയ്ഡഡ് മാനേജർമാർ കൈയാളുന്ന നിയമനാവകാശത്തിൽ ഇടപെടില്ലെന്നും മാറ്റം വരുത്തില്ലെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം അഭിനന്ദനാർഹവും ശരിയുമാണ്. വാസ്തവമെന്തെന്നു സത്യസന്ധമായി അന്വേഷിക്കുന്നതിനു പകരം മുൻവിധിയോടും വ്യക്തിതാത്പര്യത്തോടും കൂടി നോക്കിക്കാണുന്നവർ സർക്കാർ സത്യവാങ്മൂലത്തെ ചാനലുകളിലും മറ്റും എതിർക്കുന്നു.
എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകുക എന്നത് ഒരു പരിഷ്കൃതസമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യമാണ്. എന്നിരിക്കിലും എല്ലാ കുട്ടികൾക്കും വേണ്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കി നൽകാൻ സർക്കാരിനു കഴിയാതെവരുന്നിടത്താണ് സർക്കാർ സഹായത്തോടു കൂടിയുള്ള എയ്ഡഡ് സ്കൂളുകൾ ആവശ്യമായിത്തീരുന്നത്. ഇതിനു പക്ഷേ, മാനേജർ മാനേജ്മെന്റ് സ്വന്തമായി കണ്ടെത്തുന്ന സ്ഥലവും കെട്ടിടവും മറ്റ് അനുബന്ധ സൗകര്യങ്ങളും കൂടിയേ തീരൂ. അതിനർഥം ഓരോ എയ്ഡഡ് സ്കൂളിന്റെയും കെട്ടിടവും ഭൂമിയും സംരക്ഷിക്കാൻ മാനേജ്മെന്റ് അത്യധിതമായി കഷ്ടപ്പെടുന്നു എന്നാണ്.
എയ്ഡഡ് നിയമനങ്ങൾ പിഎസ്സിക്കു വിടണമെന്ന് വാദിക്കുന്നവരിൽ ഭൂരിഭാഗവും സ്വന്തമായി പറയത്തക്ക എണ്ണം സ്കൂളുകളില്ലാത്ത സമുദായങ്ങളും സംവരണത്തിനർഹതപ്പെട്ടവരും ഏതാനും ചില രാഷ്ട്രീയക്കാരുമാണ്. കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഭൂരിഭാഗവും ക്രിസ്ത്യൻ മാനേജ്മന്റിന്റെ കീഴിലാണെന്നതും സമുദായാംഗങ്ങൾ വിദ്യാഭ്യാസപരമായി മുന്പന്തിയിലാണെന്നതുമാണ് അതിനൊരു കാരണം.
എയ്ഡഡ് സ്കൂളുകളിലെ നിയമനം സർക്കാർ ഏറ്റെടുത്താൽ സംവരണ വിഭാഗത്തിലുള്ളവർക്ക് എളുപ്പത്തിൽ നിയമനം ലഭിക്കുമെന്നതിനു സംശയമില്ല. പക്ഷേ, ന്യൂനപക്ഷ വിഭാഗമായ സുറിയാനി കത്തോലിക്കർ പോലുള്ള സമുദായങ്ങൾക്ക് യാതൊരു സംവരണവുമില്ലാത്ത സാഹചര്യത്തിൽ ഒരു സർക്കാർ ജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിന് എയ്ഡഡ് സ്കൂൾ കോളജ് എന്ന ആശ്രയം മാത്രമാണുള്ളത്.
ചില വ്യക്തികളുടെയും സംഘടനകളുടെയുമൊക്കെ പ്രസ്താവന കേട്ടാൽ എല്ലാ എയ്ഡഡ് സ്കൂൾ മാനേജർമാരും കൈക്കൂലിക്കാരും കൊള്ളക്കാരുമാണന്നു തോന്നും. കോഴ വാങ്ങുന്ന മാനേജരെ കണ്ടെത്താനും ശിക്ഷിക്കാനും ഈ നാട്ടിൽ നിയമവും സംവിധാനങ്ങളും ഇല്ലാഞ്ഞിട്ടാണോ? അതിനു ശ്രമിക്കാതിരുന്നാൽ എല്ലാവരും കൊള്ളക്കാർ എന്ന നിർവചനത്തിൽപ്പെടുകയാണല്ലോ ഫലം. ഒരു രൂപ പോലും വാങ്ങാതെ അധ്യാപകഅനധ്യാപക ജീവനക്കാരെ നിയമിക്കുന്ന രൂപത കോർപറേറ്റ് മാനേജ്മെന്റുകൾ നമ്മുടെ നാട്ടിലുണ്ട്. കാലാകാലങ്ങളിൽ സർക്കാർ നിർദേശിക്കുന്ന യോഗ്യതകളെല്ലാമുള്ളവരെ പത്രപരസ്യം നൽകി എഴുത്തു പരീക്ഷ ഇന്റർവ്യൂ തുടങ്ങിയ നടപടിക്രമങ്ങളിലൂടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് അവർ നിയമനം നടത്തുന്നു.
മിടുക്കർ സർക്കാർ അധ്യാപകരാണന്നും എയ്ഡഡ് അധ്യാപകർ കോഴ കൊടുത്ത് ജോലി നേടുന്നതിനാൽ നിലവാരം കുറഞ്ഞവരാണെന്നുമുള്ള പ്രചാരണം പലരും നടത്താറുണ്ട്. എയ്ഡഡ് സർക്കാർ മേഖലയിലെ കുട്ടികളുടെ എസ്എസ്എൽസി പ്ലസ് ടു റിസൾട്ടുകൾ താരതമ്യം ചെയ്താൽ മാത്രം മതി ഈ കുപ്രചാരണത്തിന്റെ നിജസ്ഥിതി മനസിലാക്കാൻ.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളെ സിംഗിൾ മാനേജ്മെന്റുകളുമായി തുലനപ്പെടുത്തിയുള്ള ഉത്തരവുകൾ ഇറക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. ഉദാഹരണമായി, താരതമ്യേന സംരക്ഷിതാധ്യാപകരെ സൃഷ്ടിക്കാത്ത കോർപറേറ്റ് സ്കൂളുകൾ സിംഗിൾ മാനേജ്മെന്റുകളിൽനിന്നു പുറത്താക്കപ്പെടുന്നവരുടെ ഉത്തരവാദിത്വംകൂടി പേറേണ്ടിവരുന്നത് ഒഴിവാക്കണം. അതോടൊപ്പംതന്നെ എയ്ഡഡ് നിയമനങ്ങൾക്കെതിരേയുള്ള നൂലാമാലകൾ ഓൾഡ് സ്കൂൾ ന്യൂ സ്കൂൾ, ഇക്കണോമിക് അൺഇക്കണോമിക് സ്കൂൾ, സംരക്ഷിതാധ്യാപകർ തുടങ്ങി ഏതു പേരിലായാലും നിയമനം ലഭിച്ചാലുടൻ ശന്പളം നൽകാനുള്ള നടപടികൾ കൂടി സ്വീകരിക്കണം.
ഷിനു ആനത്താരയ്ക്കൽ