മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ വിചിത്രമായ കണ്ടുപിടിത്തം
Wednesday, August 28, 2019 10:52 PM IST
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺ പെൺ മിശ്രപഠനം സുരക്ഷിതമല്ല എന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്.വൈദ്യനാഥന്റെ കണ്ടുപിടിത്തം വിചിത്രമായിരിക്കുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്വഭാവവൈകൃതങ്ങൾ മാറ്റാൻ അവരെ പരസ്പരം കാണാൻ അനുവദിക്കാത്തവിധം രണ്ടു ധ്രുവങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുകയല്ല വേണ്ടത്. ഏത് അന്തരീക്ഷത്തിലും ഏതു സാഹചര്യത്തിലും വഴിതെറ്റാതെ പിടിച്ചുനിൽക്കാൻ കെല്പുള്ള വ്യക്തിത്വത്തിന്റെ ഉടമകളായി അവരെ വളർത്തുകയാണു വേണ്ടത്. അതിനു വേണ്ടതു കതിരിൽ വളംവയ്ക്കുകയല്ല.
ഒരു കുഞ്ഞിന്റെ വിദ്യാഭ്യാസം അമ്മയുടെ ഉദരത്തിൽവച്ച് ആരംഭിക്കുന്നു. അമ്മയുടെ വികാരവിചാരങ്ങളും ചിന്താഗതിയും സുഖദഃഖങ്ങളുമെല്ലാം ഗർഭസ്ഥശിശു ഒപ്പിയെടുക്കുന്നു. അവൻ ജനിച്ചുകഴിഞ്ഞാൽ അവന്റെ രണ്ടാമത്തെ വിദ്യാലയം ഭവനമാണ്. മാതാപിതാക്കന്മാരും കുടുംബാംഗങ്ങളുമാണ് അവിടെ അവന്റെ അധ്യാപകർ. അമ്മയുടെ സ്നേഹവാത്സല്യങ്ങളും പിതാവിന്റെ സുരക്ഷിതത്വത്തിന്റെ തണലും ലഭിച്ചു വളരുന്ന ഒരു കുട്ടിയും അവരെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിക്കും മുതിരുകയില്ല.
കുട്ടികൾ മാതാപിതാക്കന്മാരുടെ നല്ല മാതൃക കണ്ടു വളരട്ടെ. ഏതു സാഹചര്യത്തിലും ഏത് അന്തരീക്ഷത്തിലും വഴിതെറ്റാതെ ഉറച്ച വ്യക്തിത്വം അവൻ കാത്തുസൂക്ഷിക്കും. മറിച്ചു കുടുംബപ്രശ്നങ്ങൾക്കു നടുവിൽ അരക്ഷിതാവസ്ഥയിൽ വളരുന്ന കുട്ടികൾ വീട് എന്ന നരകത്തിൽനിന്നു രക്ഷപ്പെടാൻ അവസരം പാർത്തിരിക്കും. ഏതു കോട്ടയ്ക്കുള്ളിൽ ഒളിപ്പിച്ചാലും അവൻ അവസരം ലഭിക്കുന്പോൾ പുറംചാടിയിരിക്കും. ആരുടെയും പിറകേ ഓടിയെന്നുമിരിക്കും.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ മിശ്രപഠനം നിർത്തുകയല്ല വേണ്ടത്. രാജ്യത്തുള്ള എല്ലാ ആൺകുട്ടികളെയും പെൺകുട്ടികളെയും രണ്ടു ദിശയിലേക്കു മാറ്റിപ്പാർപ്പിക്കാൻ സാധിക്കുകയില്ലല്ലോ. അവർ പരസ്പരം കണ്ടും മിണ്ടിയും സ്നേഹിച്ചും സാഹോദര്യത്തോടെ ജീവിക്കട്ടെ. അതിന് അവരെ പ്രാപ്തരാക്കാൻ കഴിയുന്ന നല്ല കുടുംബങ്ങൾ രാജ്യത്തുടനീളം പൊട്ടിമുളയ്ക്കട്ടെ. അതിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന്, എന്തൊക്കെ പദ്ധതികൾ നടപ്പാക്കണമെന്ന് ആലോചിച്ചു നിലവിൽ വരുത്തുക. അതാണ് ഉന്നതാധികാരികൾ ചെയ്യേണ്ടത്.
വത്സ ജോസ് കാപ്പിൽ