കെടെറ്റ് യോഗ്യതാ കാലാവധി നിർത്തലാക്കണം
Friday, September 27, 2019 11:45 PM IST
സംസ്ഥാനത്തെ എയ്ഡഡ്, പൊതുമേഖലാ സ്കൂളുകളിൽ 2012 ന് ശേഷം അധ്യാപകരാകാൻ പ്രഫഷണൽ കോഴ്സുകൾ പാസാകുന്നതു കൂടാതെ കെടെറ്റ് പരീക്ഷയ്ക്ക് യോഗ്യത നേടണം എന്നത് അനിവാര്യമാണ്. എന്നാൽ കെടെറ്റ് യോഗ്യത നേടിയ അധ്യാപകർക്ക് ഏഴു വർഷം മാത്രമാണ് തങ്ങളുടെ യോഗ്യതയ്ക്കുള്ള കാലപരിധി നിശ്ചയിച്ചിട്ടുള്ളത്. അതിന് ശേഷവും അധ്യാപകനായി തൊഴിൽ കണ്ടെത്താൻ കഴിയാതെ വന്നാൽ വീണ്ടും കെടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടണം .
ഈ കാല പരിധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് എയ്ഡഡ് സ്കൂളിൽ ജോലി വാങ്ങാൻ കഴിയാത്ത പിഎസ്സി നിയമനം മാത്രം സ്വപ്നം കണ്ടു കഴിയുന്ന സാധാരണക്കാരായ ഉദ്യോഗാർഥികളെയാണ്. കാരണം ഏഴു വർഷ കാലയളവിനുള്ളിൽ പരമാവധി ഒന്നോ രണ്ടോ തവണ മാത്രമേ അധ്യാപന മേഖലയിൽ പിഎസ്സി പരീക്ഷ നടത്തുകയും പ്രസ്തുത ലിസ്റ്റിന്റെ കാലാവധി തീരുകയുമുള്ളു. ആയതിനാൽ കെടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയവർക്ക് പണം ഇല്ലാതെ തൊഴിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഏഴു വർഷത്തിനുശേഷം തങ്ങൾ നേടിയ യോഗ്യത നഷ്ടമാകും എന്ന രീതിക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്. വിദ്യാഭ്യാസ വകുപ്പും ഗവൺമെന്റും ഈ വിഷയം അടിയന്തരമായി പരിഗണിക്കണം.
സി. എനോയ്, മയ്യനാട്, കൊല്ലം