അറുതിയില്ലാത്ത ആശങ്കകൾക്കു പരിഹാരമില്ലേ?
Sunday, September 29, 2019 1:21 AM IST
അതിരുകളില്ലാത്ത ആശങ്ക ആകാശത്തോളം ഉയരുന്പോൾ കരയുന്ന മിഴികളുമായി മാറത്തടിച്ചു നിലവിളിക്കുന്ന കൈക്കുഞ്ഞുങ്ങളെയും കൈകെട്ടി നോക്കിനിൽക്കാൻ കേരളജനതയ്ക്കാവുമോ? കൊച്ചി മരടിലെ ഫ്ലാറ്റ് പൊളിച്ചുമാറ്റാനുള്ള നഗരസഭയുടെയും കോടതിയുടെയും ഉത്തരവ് മനഃസാക്ഷിക്കു നിരക്കാത്ത നടപടിയാണ്. 350 ൽ അധികം വരുന്ന കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്ന കാടത്തത്തെക്കുറിച്ചു ദീപികയിൽ പ്രസിദ്ധീകരിച്ച ഫീച്ചർ ഏറെ ഹൃദയഭേദകമായി.
ആകാശംമുട്ടെ ഫ്ളാറ്റ് കെട്ടിപ്പൊക്കിയപ്പോൾ തീരദേശപരിപാലനമോ മറ്റ് നിയമങ്ങളോ ഒന്നും ഇല്ലായിരുന്നു. ഫ്ളാറ്റ് നിർമിച്ച് അവ മറ്റുള്ളവർ കഷ്ടപ്പെട്ടും ഉള്ള സ്വത്ത് വിറ്റും ലക്ഷങ്ങൾ കൊടുത്തു വാങ്ങിക്കഴിഞ്ഞപ്പോൾ, നിയമങ്ങളും മറ്റും തലപൊക്കി.
എന്തു കാടൻ നിയമമാണിത്? രാഷ്ട്രീയ മത ചിന്തകൾക്ക് അതീതമായി, പ്രവർത്തിക്കാനുള്ള സമയമാണിത്.
സംസ്ഥാനത്ത് ഉടലെടുത്തുകൊണ്ടിരിക്കുന്ന മറ്റൊരു ആശങ്കയാണ് കിഴക്കൻ മേഖലയിലെ റീസർവേയുടെ അപാകതമൂലമുള്ള പ്രശ്നങ്ങൾ. പുരയിടങ്ങൾ തോട്ടങ്ങളായ മായാജാലം!!
അതുപോലെ തന്നെ പ്രകൃതിരമണീയമായ കേരളത്തെ രണ്ടായി വിഭജിക്കുന്ന അതിവേഗ റെയിൽപ്പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ, എട്ടു വർഷത്തിലധികമായി തുടരുന്ന റൂട്ട് മാർക്കിംഗും വാർത്തകളും സൃഷ്ടിക്കുന്ന ആശങ്കകൾക്കും പരിഹാരം ഉണ്ടാവണം.
സ്വസ്ഥമായി ജീവിക്കുന്ന മനുഷ്യരെ ആശങ്കയുടെ മുൾമുനയിലാക്കുന്ന വികസനങ്ങൾ ആർക്കുവേണ്ടി, പകലന്തിയോളം പണിയെടുത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ നെട്ടോട്ടമോടുന്ന സാധാരണക്കാരെ തെരുവിലേക്ക് ഇറക്കിവിടുന്ന സംസ്കാരമാണോ വികസനം?
സിറിയക് ആദിത്യപുരം, കടുത്തുരുത്തി