മരടിലെ ഫ്ളാറ്റ് പൊളിക്കൽ
Monday, October 21, 2019 10:01 PM IST
കോടികൾ ചെലവഴിച്ച് വർഷങ്ങൾകൊണ്ട് കെട്ടിപ്പൊക്കിയ ബഹുനില ഫ്ളാറ്റുകൾ പുല്ലുമേഞ്ഞ ഒരു കുടിൽ പൊളിക്കുന്ന ലാഘവത്തോടെ പൊളിക്കണമെന്ന് പരമോന്നത കോടതി വിധിച്ചപ്പോൾ ഞെട്ടിപ്പോയി. ടൺകണക്കിന് പാറയും സിമന്റും കന്പിയും വൻ മനുഷ്യപ്രയത്നവും ചെലവഴിച്ചാണ് ഇവ നിർമിച്ചത്. ഇവയ്ക്കൊന്നിനും വിലയില്ലേ? ഉടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചേക്കാം. പക്ഷേ ഫ്ളാറ്റ് പൊളിക്കാനുള്ള ചെലവ് ആരു വഹിക്കും? പാവപ്പെട്ട നികുതിദായകന്റെ പണമെടുത്താണോ പൊളിക്കുന്നത്?
ഫ്ളാറ്റുകളാണ് മഹാപ്രളയത്തിന് ഒരു കാരണമെന്നു കോടതി പറയുന്നു. എല്ലാം പൊളിച്ചുകഴിഞ്ഞാൽ ഭാവിയിൽ പ്രളയം വരില്ലെന്ന് കോടതിക്ക് ഉറപ്പുണ്ടായിരിക്കാം. ഫ്ളാറ്റ് പ്രശ്നത്തിൽ അമിതമായ ആവേശമാണ് കാണാൻ കഴിഞ്ഞത്. മറ്റു പല കോടതിവിധികളിലും ഇതേ ആവേശം കാണൻ കഴിഞ്ഞില്ല.
ആഗോളതാപനം വർധിച്ചതാണ് കാലാവസ്ഥാ വ്യതിയാനത്തിനു കാരണമെന്നു വിദഗ്ധർ പറയുന്പോൾ ഫ്ളാറ്റുകളാണ് ഒരു കാരണമെന്ന് കോടതി പറയുന്നു. പൊളിക്കാൻ പോകുന്ന കെട്ടിടങ്ങളുമായി ബന്ധപ്പെട്ടവരുടെ മനഃക്ലേശവും ശാപവും ആരും കാണാതിരിക്കരുത്. നിലവിലുള്ള കെട്ടിടങ്ങൾ ഒന്നും പൊളിച്ച് ജനങ്ങൾക്കു കഷ്ടപ്പാടുകൾ ഉണ്ടാക്കാതെ ഭാവിയിൽ നിർമിക്കാൻ പോകുന്ന കെട്ടിടങ്ങൾ പരിസ്ഥിതിക്ക് അനുയോജ്യമായി നിർമിക്കണമെന്നു തീരുമാനമെടുക്കാൻ ബഹുജനശബ്ദം ഉയർന്നുവരണം.
ടി.സി. ജോസഫ്, തൊടുപുഴ