അനാസ്ഥയുടെയും നിരുത്തരവാദത്തിന്റെയും ഇര
Sunday, November 17, 2019 11:20 PM IST
ഇക്കഴിഞ്ഞ ഒക്ടോബർ നാലാം തീയതി പാലായിൽ നടന്ന ജൂനിയർ കായികമേളയിൽ വോളന്റിയറായി സേവനമനുഷ്ടിച്ച പാലാ സെന്റ് തോമസ് സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥിയുടെ തലയിൽ ഹാമർ പതിച്ച് അതീവ ഗുരുതരമായി പരിക്കേറ്റ സംഭവം ഏവരുടെയും മനസിൽ നൊന്പരം സൃഷ്ടിച്ചു. ആ കൗമാരം അകാലത്തിൽ പൊലിഞ്ഞുവെന്ന വാർത്ത അത്യന്തം വേദനയോടെയാണ് ശ്രവിച്ചത്. ഈ വിദ്യാർത്ഥിയെ കുറ്റപ്പെടുത്തി സംസാരിക്കാൻ സംഘാടകർ കാണിച്ച ഉത്സാഹം വളരെ തരംതാണതായി. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ മറയ്ക്കാനാണ് അവർ ഇങ്ങനെ ചെയ്തത്.
ത്രോയ്ക്കു ശേഷം ജാവലിൻ എടുക്കാൻ ചെന്നപ്പോഴായിരുന്നു, അപ്രതീക്ഷിതമായി ഈ വിദ്യാർഥിയുടെ തലയിൽ ഹാമർ പതിച്ചത്. അപകടത്തിനുശേഷം നടന്ന അന്വേഷണത്തിൽ വെളിപ്പെട്ടത്, സുരക്ഷാവീഴ്ച സംഭവിച്ചു എന്നാണ്. ജാവലിൻ എറിയാൻ സ്ഥാനം നിശ്ചയിച്ചത് ഹാമർ ത്രോ നടത്തുന്ന സ്ഥാനത്തിനു തൊട്ടടുത്ത്. ഒരേ സ്ഥാനമാണ് ജാവലിൻ, ഹാമർ എന്നിവ പതിക്കാൻ നിശ്ചയിച്ചത്.
പരിക്കേറ്റ അഫീൽ ജോണ്‍സനെ കളിക്കളത്തിൽനിന്ന് എടുത്തുകൊണ്ടുപോകാൻ ഒരു സ്ട്രെച്ചറെങ്കിലും ഉണ്ടായിരുവെങ്കിൽ, ആ കുട്ടിയെ അതീവ ശ്രദ്ധനല്‍കി കൊണ്ടുപോകുവാൻ കഴിയുമായിരുന്നു. അതിന്റെ അഭാവത്തിൽ, അധ്യാപകരും മറ്റും ചേർന്ന് കുട്ടിയെ വാരിയെടുത്ത് കളിക്കളത്തിൽനിന്നു പുറത്തേക്ക് എത്തിച്ച രംഗം ഹൃദയഭേദകമാണ്.
ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നവോ? അറിയില്ല.
മേളയുടെ നടത്തിപ്പിനായി രൂപവത്കരിക്കപ്പെട്ട വിവിധ സമിതികളിൽ ഉണ്ടായിരുന്നവരിൽ ആരെങ്കിലും തങ്ങളിൽ നിക്ഷിപ്തമായ കടമകൾ നിർവഹിക്കുന്നതിൽ ഏന്തെങ്കിലും ഉപേക്ഷ വരുത്തിയോ എന്നന്വേഷിച്ച്, കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി അധികാരികൾ സ്വീകരിക്കണം, അത് അഫീലിന്റെ ജീവനു പകരമാവില്ലെങ്കിലും. ഭാവിയിലെങ്കിലും ഇത്തരം ദാരുണ സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ. അതിനുള്ള ജാഗ്രത ഏവരുടെയും ഭാഗത്തുനിന്നുമുണ്ടാകണം.
കുരിയൻ വാഴപ്പിള്ളി, 64, ലേയ്ൻ 1, പ്രതിഭനഗർ,
കല്‍മണ്ഡപം, പാലക്കാട് 678013