മണ്ണ്, പ്രിയപ്പെട്ട മണ്ണ്
Tuesday, December 10, 2019 10:58 PM IST
ആധുനിക ലോകം നേരിടുന്ന സങ്കീർണമായ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വളക്കൂറുള്ള മേൽമണ്ണിന്റെ നഷ്ടപ്പെടൽ. ജീവന്റെ അടിസ്ഥാന ഘടകമായ മണ്ണും അതിലെ ജീവജാലങ്ങളും മനുഷ്യജീവിതത്തിൽനിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ തിരികെപ്പോകും’ എന്ന തിരുവചനംതന്നെ മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയാണ് കാണിക്കുന്നത്.
വിശപ്പാണ് മനുഷ്യന്റെ പ്രധാന പ്രശ്നം. ഭക്ഷണത്തിന് ആവശ്യമായ ധാന്യം ഉണ്ടാകണമെങ്കിൽ മണ്ണുവേണം. മണ്ണിന് പകരമായി മറ്റൊന്നില്ലതന്നെ. ഒരു പാളി മേൽമണ്ണ് രൂപപ്പെടണമെങ്കിൽ നൂറ്റാണ്ടുകൾതന്നെ വേണ്ടിവരും. പാറ പൊടിയണം; അതു ജീവാണുക്കളുമായി കൂടിക്കലരണം. അങ്ങനെ പ്രകൃതിയുടെ വരദാനമായിട്ടാണ് കൃഷിക്ക് യോഗ്യമായ മണ്ണ് മനുഷ്യനു ലഭ്യമാകുന്നത്.
എന്നാൽ, മനുഷ്യന്റെ ജീവസന്ധാരണത്തിനായിട്ടുള്ള മണ്ണ് പല രീതിയിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആധുനികവത്കരണത്തിൽ അധിഷ്ഠിതമായ സുഖജീവിതത്തിനു പ്രാധാന്യംകൊടുക്കുന്ന മനുഷ്യൻ ഭാവിതലമുറയെപ്പറ്റി ചിന്തിക്കുന്നതേയില്ല. കപ്പയും കാച്ചിലും കൃഷി ചെയ്യാനുള്ള കുന്നും മലയും ഇടിച്ചുനിർത്തി ഫ്ളാറ്റുകൾ നിർമിച്ചും, നെൽപ്പാടങ്ങൾ ക്രിക്കറ്റ് സ്റ്റേഡിയങ്ങളാക്കി മാറ്റിയതും കൃഷിഭൂമിയെ ഇല്ലാതാക്കാൻ ആധുനിക മനുഷ്യൻ മത്സരിക്കുകയാണ്.
കേരളമാകട്ടെ, ഭൂമിശാസ്ത്രപരമായി പല പ്രത്യേകതകളും ഉള്ള നാടാണ്. മൊത്തം വിസ്തീർണത്തിന്റെ മൂന്നിൽ രണ്ടുഭാഗവും ചരിവു പ്രദേശമാണ്. രൂക്ഷമായ മണ്ണൊലിപ്പാണു മലയോര കർഷകർ നേരിടുന്ന മുഖ്യമായ പ്രശ്നം. ഓരോ കാലവർഷത്തിലും വളക്കൂറുള്ള മേൽമണ്ണ് കുത്തിയൊലിച്ചുപോകുന്നതു നോക്കിനിന്ന് നെടുവീർപ്പിടാനെ പാവം കർഷകർക്കു കഴിയുന്നുള്ളു. മേൽമണ്ണിന്റെ നാശം കൃഷിയിൽനിന്നുതന്നെ പിന്മാറാൻ കർഷകരെ നിർബന്ധിതരാക്കുന്നു.
മണ്ണു സംരക്ഷണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു. എങ്കിലും മലനാടിന്റെ പ്രത്യേകതകൾ കണക്കിലെടുത്തു മണ്ണൊലിപ്പു നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്ന
വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ