‘കാട്ടുതീ’കൊളുത്തൽ: താക്കീതു നൽകണം
Monday, February 24, 2020 11:46 PM IST
കടുത്ത വേനലിൽ എല്ലായിടത്തും ഇലകളും ചെടികളും ഉണങ്ങി കൂടിക്കിടക്കുന്ന സമയമാണ്.പലയിടങ്ങളിലും എളുപ്പത്തിൽ തീ പിടിക്കുന്ന പ്ലാസ്റ്റിക് കൂടുകളും കെട്ടുകളും ഉപേക്ഷിച്ചിട്ടിട്ടുമുണ്ട്. കരിഞ്ഞുണങ്ങിയ അടിക്കാടുകൾക്കു തീ പിടിച്ച് കാട്ടുതീ പടർന്ന വാർത്തകൾ വന്നു തുടങ്ങിയിട്ടുണ്ട്. ആരെങ്കിലും മനഃപൂർവം തീ കൊളുത്താതെ സ്വയം തീയുണ്ടാകാൻതക്ക ഉയർന്ന താപനിലയൊന്നും ഈ നാട്ടിലില്ല.
ബീഡിയും സിഗററ്റുമൊക്കെ തീപ്പെട്ടിയോ ലൈറ്ററോ ഉപയോഗിച്ചു കത്തിച്ച ശേഷം, വരുംവരായ്കകളെക്കുറിച്ച് അശേഷം ചിന്തയില്ലാതെ, ആ തീ കൊണ്ടുതന്നെ സമീപത്തുള്ള കാടിനോ ഇലകൾക്കോ തീ കൊളുത്തിയിട്ട് സ്ഥലം വിടുന്ന വികലസ്വഭാവം ചിലർക്കുണ്ട്. റോഡ് സൈഡിൽനിന്നു വീട്ടിലേക്കെടുത്തിരിക്കുന്ന പിവിസി വാട്ടർപൈപ്പുകൾ ഇത്തരം തീയിൽ കത്തിപ്പോയിട്ടുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. കൂടാതെ കഞ്ചാവും മയക്കുമരുന്നുകളും വിദേശമദ്യവും കള്ള് എന്നപേരിൽ വിൽക്കപ്പെടുന്ന ഹാനികരമായ രാസവസ്തുമിശ്രിതവുമൊക്കെ ഉള്ളിലാക്കിയശേഷമുണ്ടാകുന്ന മാനസികവിഭ്രാന്തിയിൽ പലർക്കും ഇത്തരം തീകൊളുത്തൽ പ്രവണതയുണ്ടാകാറുണ്ട്.
ഇതു തടയുന്നതിനു ജനങ്ങളുടെ സഹകരണം ആവശ്യമാണ് . ഇത്തരം നശീകരണത്തിനു തുനിയുന്നവരെ കണ്ടുപിടിച്ചു കർശനശിക്ഷ നൽകുമെന്ന ഒരു പൊതുതാക്കീത് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായാൽ അത് തീകൊളുത്തുകാരെ പിന്തിരിപ്പിക്കാൻ ഒട്ടൊക്കെ സഹായകമാകും.
സി. സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി