നാട്ടറിവുകൾ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല
Wednesday, May 13, 2020 10:41 PM IST
ഇന്ത്യയിലെ നാട്ടറിവുകൾ ശേഖരിച്ച് ഉപയോഗപ്രദമാണോ എന്നു പരിശോധിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് അഹമ്മദാബാദിലെ നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ. അവർ അംഗീകരിക്കുന്ന നാട്ടറിവുകൾക്ക് ഒരു ലക്ഷം രൂപ സമ്മാനവും നല്കും.
കാർഷിക പാരന്പര്യമുള്ള അഭിഭാഷകനായ ഞാൻ ഒരു നാട്ടറിവ് എഴുതി അവരെ അറിയിച്ചു. തെങ്ങിനു വരുന്ന മണ്ഡരി മുതലായ രോഗങ്ങൾക്കു ചുവന്നുള്ളി ചതച്ച് തെങ്ങിനു മുകളിലും ചുവട്ടിലും ഇടുക. ഓരോ തെങ്ങിനും കാൽ കിലോ വീതം. ചതച്ചിടുന്നതു ചുവന്നുള്ളി മുളയ്ക്കാതിരിക്കാൻ വേണ്ടി. ഈ മരുന്ന് എന്റെ വീടിനു മുൻപിലുണ്ടായിരുന്ന മണ്ഡരി ബാധിച്ച തെങ്ങിൽ പ്രയോഗിച്ചു. തെങ്ങിന്റെ രോഗം മാറി നല്ല കായ്ഫലമുണ്ടായി.
രണ്ടാഴ്ച കൂടുന്പോൾ മരുന്നു പ്രയോഗിക്കാം. തെങ്ങിന്റെ മുകളിൽ ഇടുന്നതിൽ അപ്രായോഗികതയുണ്ട്. മുകളിലിടുന്ന ചുവന്നുള്ളി പക്ഷികൾ കൊത്തിക്കൊണ്ടു പോകും. ഈ നാട്ടറിവ് നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷനെ അറിയിച്ചു. അവർ ഇത് അംഗീകരിച്ചു സർട്ടിഫിക്കറ്റ് നല്കി.
ഈ അറിവ് കേരളത്തിലെ കാർഷിക സർവകലാശാല, നാളികേര വികസന വകുപ്പുകളെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. എന്നാൽ, ഗുജറാത്ത് കാർഷിക വകുപ്പ് ഉദ്യോഗസ്ഥർ ഈ നാട്ടറിവ് ഗുണപ്രദമാണെന്ന് അറിയിച്ചു. ഈ കുറിപ്പ് കേരള മുഖ്യമന്ത്രിയും കൃഷി വകുപ്പ് മന്ത്രിയും ശ്രദ്ധിക്കുമെന്നു കരുതുന്നു.
ജോൺസൺ മനയാനി, കൊച്ചി