ഓൺലൈൻ വിദ്യാഭ്യാസം സ്ഥിരം സംവിധാനമാകുമോ?
Monday, June 22, 2020 11:07 PM IST
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടുന്ന കത്തുകൾ കണ്ടു. ഇത് ഒരു സ്ഥിരം സംവിധാനമാകുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കുകയുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ടിവന്ന അഭൂതപൂർവ സാഹചര്യത്തിൽ കുട്ടികൾക്ക് അധ്യയനവുമായുള്ള മാനസികബന്ധം നഷ്ടപ്പെടാതിരിക്കാൻ ഇതു സഹായകമാണ് എന്ന കാര്യത്തിൽ തർക്കത്തിന്റെ ആവശ്യമില്ല.
കണക്ടിവിറ്റി ഇല്ലാത്ത കുട്ടികൾക്ക് അത് ഉണ്ടാക്കി നല്കുവാൻ വ്യക്തികളും സംഘടനകളും മുന്നോട്ടുവന്നതും ശ്ലാഘനീയമാണ്. മുഴുവൻ കുട്ടികൾക്കും കണക്ടിവിറ്റി നല്കി ഈ സംവിധാനം കണ്ണിമുറിയാതെ നിലനിർത്തുന്നതു നല്ലതുതന്നെയാണ്. എന്നാൽ, ഇത് ഔപചാരിക വിദ്യാഭ്യാസത്തിനു പകരം വയ്ക്കാനാവുന്ന ഒന്നല്ല. സാധ്യതകൾ ഏറെയുള്ള ഈ സംവിധാനത്തിനു പരിമിതികളും വളരെയുണ്ട്.
പ്രധാന ന്യൂനത ദരിദ്രവിഭാഗത്തിലെ കുട്ടികൾ പഠനനിലവാരത്തിൽ പിന്നിലാകുമെന്നതാണ്. സ്കൂളുകളിലായാലും കോളജുകളിലായാലും കുട്ടികളുടെ അധ്യയനത്തിന്റെ പ്രോത്സാഹനജനകമായ അന്തരീക്ഷമില്ലാത്ത കുടുംബങ്ങളിലെ കുട്ടികൾ പഠിച്ചുമുന്നേറുന്നത് അധ്യാപകരുടെ വ്യക്തിപരമായ ശ്രദ്ധയും പ്രോത്സാഹനവുംകൊണ്ടാണ്. ജീവിത സാഹചര്യങ്ങളുടെ ദൈന്യതയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട കുട്ടികളെ പ്രചോദിപ്പിച്ച് കൈപിടിച്ചുയർത്തുന്നതും അധ്യാപകരാണ്.
നിരന്തരമായ ഓൺലൈൻ പഠനം കുട്ടികളിൽ ഉണ്ടാക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങളും ഏറെയുണ്ട്. ആരോഗ്യരംഗത്തെ വിദഗ്ധർ അതൊക്കെ വ്യക്തമാക്കേണ്ടതുണ്ട്.
ആദ്യ ദിവസങ്ങളിലെ കൗതുകം കഴിയുന്പോൾ മടുപ്പുളവാക്കുന്നതാണ് ഈ വിദ്യാഭ്യാസം. കഴിഞ്ഞ മാസത്തിൽത്തന്നെ ഇ ലേണിംഗ് ആരംഭിച്ച സിബിഎസ്ഇ സ്കൂളുകളിലെ കുട്ടികൾ ഇക്കാര്യം പറഞ്ഞുതുടങ്ങിയിട്ടുണ്ട്. സ്വഭാവികമായും മനുഷ്യസഹജമായ അലസത കുട്ടികളെ പിടികൂടുകയും പഠനത്തിൽ പിന്നോക്കമാകുകയും ചെയ്യും. ഇതിനൊക്കെ പുറമേ സാമൂഹ്യജീവി എന്ന നിലയിൽ വ്യക്തിത്വ രൂപീകരണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനവും അനുബന്ധ പ്രവർത്തനങ്ങളും അത്യന്താപേക്ഷിതമാണ് എന്നതും മറന്നുകൂടാ.
എന്നാൽ, മുഴുവൻ കുട്ടികൾക്കും കണക്ടിവിറ്റി ലഭ്യമാക്കിക്കൊണ്ട് സ്കൂൾ കോളജ് വിദ്യാഭ്യാസത്തിന്റെ അനുപൂരക ഘടകമായി ഇ ലേണിംഗ് സംവിധാനത്തിനെ നിലനിർത്തുന്നതു പ്രയോജനകരമാണ്. പാഠപുസ്തകത്തിനു പുറമേയുള്ള അധിക പഠനത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ ബദൽ സംവിധാനമായും ഉപയോഗപ്പെടുത്താം.
പ്രകൃതിക്ഷോഭംമൂലവും മറ്റും അധ്യയനം മുടങ്ങുന്ന ദിവസങ്ങളിലും കൊറോണക്കാലം കഴിഞ്ഞു പതിവുപോലെ ഹർത്താൽ പ്രഖ്യാപിക്കുന്പോഴും വിദ്യാർഥി സംഘടനകൾ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുന്പോഴും ഓൺലൈനിൽ അധ്യാപനം നടത്താം.
ഡോ. ജോസ് പറക്കടവിൽ, തെള്ളിയൂർ