കൊവിഡ് ഭീതിയിൽ ആത്മഹത്യകൾ; കൗൺസലിംഗ് ആവശ്യം
Wednesday, July 22, 2020 10:52 PM IST
ഇത് സാക്ഷരകേരളമായിട്ടും, കൊവിഡ് പോസിറ്റീവ് ആയവരിൽ ചിലർ മാത്രമല്ല, ചട്ടപ്രകാരം ക്വാറൻറ്റൈനിൽ കഴിയുന്ന ചിലർ പോലും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ പലതും ഉണ്ടായിക്കഴിഞ്ഞു. ഇപ്രകാരം, കഴിഞ്ഞ ദിവസം കൊല്ലത്ത് സ്ത്രീ തൂങ്ങി മരിച്ചു.
ആഴ്ചകൾക്കു മുൻപ് ചങ്ങനാശേരിയിൽ വിദേശത്തുനിന്നുമെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി സ്വന്തവീട്ടിൽ ജീവനൊടുക്കി. ഇതൊരു മഹാരോഗമാണ്, മരണമടയുമെന്ന ഭീതി, ഏകാന്ത വാസമുണ്ടാക്കുന്ന ഭയവും മടുപ്പും, ചിലരെ സംബന്ധിച്ചിടത്തോളം പാചകം ചെയ്യുന്നതിൽ മടിയും പരിചയക്കുറവും, സാമൂഹികബഹിഷ്കരണത്തിനു സമാനമായ രീതിയിലുള്ള സമീപവാസികളുടെ പ്രതികരണം തുടങ്ങിയവയൊക്കെയാകാം കാരണങ്ങൾ.
ഡൽഹിയിൽ പരിശോധന നടത്തിയവരിൽ 23 ശതമാനം പേർ അവർ അറിയാതെ തന്നെ കൊവിഡ് വന്നു ഭേദമായവരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയല്ലോ. മറ്റു സാധാരണരോഗങ്ങൾപ്പോലെ മരുന്നും ഭക്ഷണക്രമവും ശ്രദ്ധയും കൊണ്ട് ഭേദമാകുന്ന ഒരു രോഗമാണ് കൊവിഡ് എന്നും നൂറിൽ ഒരാൾ പോലും മരിക്കുന്നില്ല എന്ന വസ്തുതയും ഏകാന്തവാസത്തിൽ പോകുന്നവരെ പറഞ്ഞു മനസിലാക്കണം.
ആത്മവിശ്വാസം രോഗസൗഖ്യത്തെ ബാധിക്കുന്ന പ്രധാനഘടകമാണല്ലോ. ബോറടി ഒഴിവാക്കാനായി ആനുകാലികങ്ങളും ബുക്കുകളും താത്പര്യമുള്ളവർ പ്രാർഥനാപുസ്തകങ്ങളും കരുതണം. മാനസികോല്ലാസത്തിന് ടി വി യും മൊബൈലും തുണയാകും. ബന്ധുക്കളും സുഹൃത്തുക്കളും ഇടയ്ക്കിടെ ഫോണിൽ വിളിച്ചു സുഖാന്വേഷണം നടത്തി ശുഭാപ്തി വിശ്വാസം പകർന്നു കൊടുക്കണം. സഹായകരമായ വിവരങ്ങൾ അടങ്ങിയ ഒരു ലഘുലേഖ ക്വാറൻറ്റൈനിൽ പോകുന്നവർക്കു നൽകണം.
സി.സി. മത്തായി മാറാട്ടുകളം, ചങ്ങനാശേരി