മനുഷ്യനോ മൃഗങ്ങളോ വലുത്?
Saturday, July 25, 2020 10:55 PM IST
കഴിഞ്ഞ ഒരു ദശകമായി മലയോര മേഖലയിലെ കർഷക സമൂഹം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അവർ ജീവിതോപാധിക്കു വേണ്ടി കൃഷി ചെയ്യുന്ന നാണ്യവിളകളും മറ്റും വിളവാകുന്നതിനു മുമ്പ് കാട്ടുമൃഗങ്ങളുടെ ഭക്ഷണമായി മാറുകയാണ്. ഇതിന് തടയിടാൻ സർക്കാർ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നതു പോകട്ടെ, കർഷകർക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കുന്നുമില്ല. വല്ലതും കിട്ടാൻ തന്നെ സർക്കാർ ഓഫീസിൽ കയറിയിറങ്ങി പണവും ആയുസും വരെ ഹോമിക്കേണ്ടിയും വരുന്നു. നഷ്ടപ്പെടുന്നതിന്റെ മൂന്നിലൊന്നു പോലും കർഷകനു ലഭിക്കുന്നുമില്ല.
ഇത്തരത്തിൽ വിളകൾ മാത്രമല്ല ഹതാശരായ കർഷകർക്ക് നഷ്ടപ്പെടുന്നത്; വളർത്തുമൃഗങ്ങളെ കൂടിയാണ്. കോവിഡ് കാലം നിസഹായരാക്കി മാറ്റിയ കർഷകരിൽ പലരും അന്നന്നത്തെ അന്നം കണ്ടെത്തുന്നത് ആടിനേയും പശുവിനേയും വളർത്തി കിട്ടുന്ന ചെറിയ ആദായത്തിൽ നിന്നാണ്. കാടിറങ്ങി നാട്ടിലെത്തുന്ന മൃഗങ്ങൾ ഇവയേയും വെറുതെ വിടുന്നില്ല. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ എത്രയോ വളർത്തുമൃഗങ്ങൾ ഇങ്ങനെ ഇല്ലാതായി. കർഷകന്റെ കണ്ണീരിന്റെ മുന്നിൽ രാഷ്ട്രീയ കക്ഷികൾ പോലും കൈമലർത്തുന്നു. കൃഷിയും വളർത്തുമൃഗങ്ങളും സംരക്ഷിക്കാൻ വേണ്ടി ഉറക്കമൊഴിയുന്ന പല കൃഷിക്കാർക്കും തങ്ങളുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ട ചരിത്രമാണുള്ളത്. മലയോര പ്രദേശത്ത് സ്വന്തം ജീവൻ ബലി കൊടുത്ത ആയിരങ്ങളുണ്ട്. അനാഥമാകുന്ന കുടുംബങ്ങളുടെ കണ്ണീരു വീണു ചുവന്നതാണ് ഇവിടത്തെ മണ്ണ്.
കൃഷിയിടങ്ങളെ സംരക്ഷിത മേഖലയാക്കി തിരിച്ച് കർഷകരെ രക്ഷിക്കാനുള്ള വഴിയാണ് സർക്കാർ തേടേണ്ടത്. മനുഷ്യന്റെ വിലയേക്കാൾ വലുതല്ല മൃഗങ്ങളൂടേതെന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്കുണ്ടാവണം. വന്യമൃഗങ്ങൾക്ക് ഭക്ഷണമാവേണ്ടതല്ല കൃഷിക്കാരനും കൃഷിയിടവുമെന്ന ബോധ്യം ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഓരോ ഭരണകക്ഷിക്കും ഉണ്ടാവേണ്ടതാണ്. ഈ പ്രശ്നത്തിലേക്ക് സീറോ മലബാർ സഭ സ്വീകരിക്കുന്ന നിലപാടുകൾ സ്തുത്യർഹമാണ്.
അബ്ദുള്ള പേരാമ്പ്ര, കോഴിക്കോട്