അകത്തിരിപ്പുകാലത്തെ കുരുന്നു മുറിവുകൾ
Monday, August 3, 2020 11:05 PM IST
കോവിഡ് എന്ന മഹാമാരി എല്ലാവരിലും വലിയ പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാത്തതും ആരാലും അറിയപ്പെടാതെ പോകുന്നതുമായ യാഥാർഥ്യമാണു കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ. സ്വാതന്ത്ര്യത്തോടെ ആടിയും പാടിയും കൂട്ടുകാരുമൊത്തു കളിച്ചും നടക്കേണ്ട സമയത്താണ് അവർ വീടിന്റെ നാലു കോണിനുള്ളിൽ ഡിജിറ്റൽ സ്ക്രീനുകൾക്കു മുന്നിൽ ഒതുങ്ങേണ്ട അവസ്ഥ വന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്തു കുട്ടികൾ അഭിമുഖീകരിക്കുന്ന മാനസിക സമ്മർദങ്ങളും പരിഹാരങ്ങളും അന്വേഷണവിധേയമാക്കി "അകത്തിരിപ്പുകാലത്തെ കുരുന്നുമുറിവുകൾ' എന്ന പേരിൽ ദീപികയിൽ പ്രസിദ്ധീകരിച്ച പരന്പര മനസിനെ സ്പർശിക്കുന്നതും യാഥാർഥ്യം വ്യക്തമാക്കുന്നതും ആയിരുന്നു.
സ്വന്തം കഴിവുകൾ തിരിച്ചറിയാനും ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ സധൈര്യം നേരിടാനും അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കാനുമുള്ള കഴിവാണ് മാനസികാരോഗ്യം എന്നു ലേഖനം വിശദമാക്കുന്നു. ഈ സാഹചര്യത്തിൽ സാമൂഹികജീവിതം നയിക്കുക എന്നത് അപ്രാപ്യമാണ്. ഇതിനു പരിഹാരമെന്നവണ്ണം ചെയ്യാൻ കഴിയുക കുട്ടികൾ ആയിരിക്കുന്ന അന്തരീക്ഷത്തെ സന്തോഷപൂർണവും സമാധാനപരവുമാക്കുക എന്നതാണ്. കുട്ടികൾക്കുണ്ടാകുന്ന മാനസികപ്രശ്നങ്ങൾ, അവർ നേരിടുന്ന ഗാർഹിക സംഘർഷങ്ങൾ, ലൈംഗികാതിക്രമങ്ങൾ എന്നിവയെല്ലാം ശ്രദ്ധയിലേക്കു കൊണ്ടുവരാൻ പരന്പര സഹായകമായി.
സമഗ്രവും ഭാവനാപൂർണവുമായ ഇടപെടൽ കുട്ടികളിലെങ്ങനെ ചിന്താത്മകതയും ഉത്സാഹവും പുനർസൃഷ്ടിക്കും എന്നുള്ള മനഃശാസ്ത്ര വിദഗ്ധൻ ഡോ.സി.ജെ. ജോണിന്റെ വരികൾ കുട്ടികൾക്ക് ഈ സമയത്തെ നേരിടാനും പൊരുതി വിജയിക്കാനുമുള്ള ഊർജം നൽകുന്നതാണ്. വീടിനകത്തിരിക്കുന്ന കുട്ടികളെ ക്രിയാത്മകമായും സർഗാത്മകമായും ടാസ്കുകളിലൂടെയും വേണ്ടത്ര കരുതൽ നൽകിയും ഈ അന്തരീക്ഷത്തോടു പൊരുത്തപ്പെടാനും അഭിമുഖീകരിക്കാനും കഴിയും എന്ന അവബോധം ലേഖനം നൽകുന്നു. മാനസികവിദഗ്ധരും കൗൺസിലർമാരും ഗവൺമെന്റും നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. ചിരി പോലുള്ള പദ്ധതികളും യുഎൻ അന്താരാഷ്ട്ര സംഘടനകൾ, ചൈൽഡ് ലൈൻ, വി ഹെൽപ്, തണൽ, മിത്ര എന്നിങ്ങനെയുള്ള പ്രസ്ഥാനങ്ങളെല്ലാം നല്ലൊരു മാറ്റത്തിലേക്കാണ് നയിക്കുന്നത്. കുട്ടികൾ സ്വപ്നംകണ്ട ദിനങ്ങൾ ഈ സാഹചര്യത്തിലും അവർക്ക് കൈവരിക്കാം എന്ന പ്രതീക്ഷയും നൽകുന്നു.
ആൽബിറ്റ മേരി ഏബ്രഹാം, എറണാകുളം