കുട്ടിയുടെ വളർച്ചയ്ക്ക് ഊന്നൽ കൊടുക്കണം
Tuesday, September 8, 2020 1:02 AM IST
പുതിയ ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യപ്പെടുന്ന ഈ അവസരത്തിൽ കഴിഞ്ഞ ദിവസം ദീപികയിൽ വന്ന ലേഖനം അവസരോചിതമായി. ഒരു വ്യക്തിയുടെ വളർച്ചയിൽ ഏഴു വയസുവരെയുള്ള കാലഘട്ടം അതിപ്രധാനമാണ്. ഭൂമിയിലേക്കു പിറന്നുവീണ് കൈകാലുകളിട്ടടിച്ച് മോണകാട്ടി കിടക്കുമ്പോഴെല്ലാം അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും സാഹചര്യങ്ങളെയുമെല്ലാം കുഞ്ഞ് മനസിലേക്ക് ആവാഹിക്കുകയാണ്. സംസാരിക്കാൻ സാധിക്കുന്നില്ലെങ്കിലും മനസിൽ ഉൾക്കൊള്ളുകയാണ്. അങ്ങനെ മനസിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ ഏഴു വയസുവരെയുള്ള കാലഘട്ടത്തിൽ വളർന്നു വികസിച്ച് വ്യക്തിത്വത്തിലേക്കു നയിക്കുകയാണ്.
അങ്ങനെയെങ്കിൽ ആ കാലഘട്ടം വീടുകളിൽ മാതാപിതാക്കളോടും സാഹചര്യങ്ങളോടുമൊപ്പം വളർന്ന് ഓടിച്ചാടി, കളിച്ച് കുളിച്ച്, ആടിപ്പാടി വളരണം. അതിനുപകരം, പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമായി മൂന്നു വയസു മുതൽ എഴുത്തും വായനയും പഠിപ്പിക്കാനുള്ള ശ്രമം വ്യക്തിത്വവികാസത്തിനു പോറലേല്പിക്കും. കുഞ്ഞിനെ റോബട്ടായി, അല്ലെങ്കിൽ സൂപ്പർമാനായി മാറ്റും. അതുകൊണ്ട് അഞ്ചു വയസുവരെ കുട്ടി മാതാപിതാക്കളുമൊത്ത്, അല്ലെങ്കിൽ പ്ലേസ്കൂളിൽ കളിച്ചുല്ലസിച്ച് വളരട്ടെ. കുട്ടിയുടെ ശാരീരികവും മാനസികവും ബൗദ്ധികവും ധാർമികവുമായ വളർച്ചയ്ക്ക് ഊന്നൽ കൊടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം വേണം.
ഫാ. മാത്യു താന്നിയത്ത്, മുൻ പ്രിൻസിപ്പൽ, എസ്.എച്ച്. പബ്ളിക് സ്കൂൾ, കിളിമല