ഇലക്ഷൻ ചെലവ് കോടികൾ
Wednesday, September 9, 2020 11:37 PM IST
ഏതാണ്ട് ആറു മാസം കാലാവധിയുള്ള സംസ്ഥാന നിയമസഭയിലേക്ക് ഇനിയൊരു ഉപതെരഞ്ഞെടുപ്പ് അപ്രസക്തമാണ്. ഒഴിഞ്ഞുകിടക്കുന്ന ചവറ, കുട്ടനാട് മണ്ഡലങ്ങളിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ 15 20 കോടി രൂപ ചെലവഴിക്കേണ്ടി വരും എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ തന്നെ അഭിപ്രായപ്പെട്ടത്. കോടികൾ സ്ഥാനാർഥികളും മുടക്കണം. അതിനൊക്കെ പുറമേ അധ്വാനവും വേണ്ടിവരും. എന്നിട്ട് എന്തു പ്രയോജനമാണ് ഉണ്ടാകാൻ പോകുന്നത്? ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് കൂടിയാൽ ഒന്നോ രണ്ടോ തവണ മാത്രമായിരിക്കും നിയമസഭയിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക. അപ്പോഴേക്കും നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽവരും. തങ്ങളുടെ മണ്ഡലത്തിനുവേണ്ടി എന്തു വികസന പ്രവർത്തനമാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ എംഎൽഎമാർക്ക് ചെയ്യാനാവുക? ചീത്തപ്പേര് മാത്രമായിരിക്കും മിച്ചം.
കോവിഡിന്റെ സാമൂഹിക വ്യാപനം അതിരൂക്ഷമാകുന്ന സമയത്തായിരിക്കും ഉപതെരഞ്ഞെടുപ്പ് വരിക. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ഉപതെരഞ്ഞെടുപ്പുകൾ നടത്തുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിയമങ്ങളൊക്കെ കടലാസിലൊതുങ്ങാനാണ് സാധ്യത. പൊതുഖജനാവിൽനിന്ന് കോടികൾ തുലച്ചുള്ള ഈ ഉപതെരഞ്ഞെടുപ്പ് മാമാങ്കം തീർത്തും അസ്ഥാനത്താണെന്ന് പറയാതെവയ്യ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പ് തീരുമാനത്തിൽ നിന്നും പിന്മാറാൻ ഇലക്ഷൻ കമ്മീഷനെ സമീപിക്കാനുള്ള സർക്കാർ നീക്കം ശ്ലാഘനീയമാണ്.
പാറൽ അബ്ദുസ്സലാം സഖാഫി, തൂത