രാഷ്ട്രീയ കൊലപാതകങ്ങൾ
Thursday, September 10, 2020 11:10 PM IST
പ്രബുദ്ധരെന്നും വിദ്യാസന്പന്നരെന്നും വീന്പിളക്കുന്ന മലയാളിയുടെ മനോരോഗമാണ് രാഷ്ട്രീയ കൊലപാതകങ്ങൾ. സഹജീവിയെ നിർദയം, നിർദാക്ഷിണ്യം കൊത്തിക്കീറാനും കുത്തിമലർത്താനും മടിയില്ലാത്ത ഈ വർഗത്തിന് ഒരു സവിശേഷ ഗുണമുണ്ട്, ഏതു പാർട്ടിക്കാരനായിരുന്നാലും....
കൊല്ലുന്നവനും ചാകുന്നവനും ദരിദ്ര നാരായണന്മാരായിരിക്കും. അന്നന്നത്തെ അപ്പത്തിന് വേണ്ടി, അന്നന്ന് വിയർപ്പൊഴുക്കുന്ന അരപ്പട്ടിണിക്കാരോ, മുഴുവൻ പട്ടിണിക്കാരോ...
എന്നിട്ടും ഈ വിഡ്ഢിയാന്മാർ ഒരു കാര്യം ഓർക്കുന്നേയില്ല, അവരെ പറഞ്ഞുവിടുന്ന നേതാക്കളുടെ കാര്യം. ശതകോടീശ്വരന്മാരും ബിനാമി സ്വത്തുകാരുമൊക്കെയായ ഇവരുടെ മക്കൾ ഉയർന്ന പഠനവും കഴിഞ്ഞ്, ലക്ഷങ്ങൾ ശന്പളം വാങ്ങുന്ന ഉദ്യോഗസ്ഥരോ കന്പനി മേധാവികളോ ആണെന്ന നഗ്നസത്യം...
പരസ്പരം വെട്ടിമരിക്കുന്ന അണികൾ, സ്വയം ബോധവാന്മാരല്ലാത്തിടത്തോളം കാലം, ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും. പാർട്ടികൾക്ക് രക്തസാക്ഷികളും ബലിദാനികളുമായി...
വി.ജി. പുഷ്കരൻ, തിരുവനന്തപുരം