പെരിയ ഇരട്ടക്കൊലക്കേസ്: സർക്കാർ നിൽക്കേണ്ടത് ഏതു പക്ഷത്ത് ?
Monday, September 14, 2020 11:28 PM IST
കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി എന്ന വാർത്ത വായിച്ചപ്പോൾ ഞെട്ടിപ്പോയി. പെരിയയിൽ കൊല ചെയ്യപ്പെട്ട യുവാക്കളുടെ മാതാപിതാക്കളാണ് കേസ് സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആദ്യം സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും ഈ ആവശ്യം അംഗീകരിച്ചു കൊണ്ട് ഉത്തരവിടുകയും ചെയ്തു.
എന്നാൽ, ഇപ്പോൾ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരേയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോയിരിക്കുന്നത്. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തന്നെ ധാരാളമാണെന്നും സിബിഐ ഈ കേസ് അന്വേഷിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വാദം.
ഇത്തരുണത്തിൽ രണ്ടു കാര്യങ്ങളാണു ചോദിക്കാനുള്ളത്.1. കൊല്ലപ്പെട്ടവരുടെ കൂടെയാണോ അതോ കൊലപാതകികളുടെ കൂടെയാണോ ഒരു സർക്കാർ നിലയുറപ്പിക്കേണ്ടത് ? കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾക്ക് സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ സിബിഐ തന്നെ അന്വേഷിച്ചേ മതിയാവൂ എന്ന അഭിപ്രായമാണെങ്കിൽ ഒരു ജനാധിപത്യ സർക്കാർ അവരുടെ ഒപ്പമല്ലേ നിൽക്കേണ്ടത് ?
2. ഹൈക്കോടതിയിൽ ഈ കേസുമായി ബന്ധപ്പെട്ട് നാളിതു വരെ 88 ലക്ഷം രൂപയോളം സർക്കാർ പൊതുഖജനാവിൽ നിന്നു ചെലവഴിച്ചു എന്നാണറിയുന്നത്. ഇവിടത്തെ നാട്ടുകാരിൽ നിന്നു പിരിക്കുന്ന നികുതിപ്പണം, ഇങ്ങനെ കൊലപാതകികളായ പാർട്ടിക്കാരെ രക്ഷിക്കാൻ വേണ്ടി ചെലവഴിക്കാനുള്ളതാണോ? പാർട്ടിക്കാർക്കുവേണ്ടി വാദിക്കാൻ വക്കീലന്മാരെ കൊണ്ടുവരണമെങ്കിൽ അവരുടെ ഫീസ് ഇനത്തിൽ വരുന്ന ചെലവ് പ്രതികളുമായി ബന്ധപ്പെട്ട പാർട്ടിയല്ലേ വഹിക്കേണ്ടത് ?
ഇത്തരം തീർത്തും അനാവശ്യമായ ചെലവുകൾക്കു പൊതുഖജനാവിൽ നിന്നു നികുതിപ്പണം എടുത്ത് ചെലവഴിക്കുന്നതിന് സർക്കാരിന് എന്തു ന്യായീകരണമാണു പറയാനുള്ളത് ?
രാജീവ് മുല്ലപ്പിള്ളി, ഇരിങ്ങാലക്കുട