എല്ലാം പൊതുജനങ്ങളുടെ മേൽ
Saturday, May 1, 2021 11:56 PM IST
ഇന്ത്യയിൽ കോവിഡ്19 മഹാമാരി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഭരണാധികാരികളും പോലീസും എവിടെയായിരുന്നു? മന്ത്രിമാരും നേതാക്കളും തെരഞ്ഞെടുപ്പുറാലികൾ നയിക്കുകയായിരുന്നു. എന്തുമാത്രം ആളുകളെ കൂട്ടാമോ അത്രയും ചേർത്തുനിറുത്തി കൊടി പിടിപ്പിച്ച് നടത്തി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും റോഡ് ഷോകൾ നടത്തുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ഇവർക്കു ബാധകമല്ലേ?
കേരളത്തിൽ മുഖ്യമന്ത്രി നടത്തിയതുപോലെ കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഒരു സാധാരണക്കാരനായിരുന്നു നടത്തിയതെങ്കിൽ ഏതൊക്കെ വകുപ്പുകൾ ചുമത്തി കേസെടുക്കുമായിരുന്നു? വന്പന്മാർക്ക് എന്തുമാകാം.
എങ്ങനെയും കോവിഡിൽനിന്നു രക്ഷപ്പെട്ട് ജീവൻ നിലനിർത്താൻ സാധാരണക്കാരും വയോധികരും നെട്ടോട്ടമോടുന്നു. വാക്സിനെടുക്കാൻ ഉദ്യോഗസ്ഥരുടെ സൗകര്യമനുസരിച്ച് പൊതുജനങ്ങളെ വിളിച്ചുവരുത്തുന്നു. ടാക്സി വിളിച്ച് ചെല്ലുന്പോൾ വാക്സിൻ ഇല്ല! ഇനി ഒരു അറിയിപ്പ് ഉണ്ടായിട്ട് ചെന്നാൽമതി പോലും! ആവശ്യത്തിനു വാക്സിൻ സ്റ്റോക്ക് ചെയ്തിട്ടല്ലേ ജനങ്ങളെ വിളിച്ചുവരുത്തേണ്ടത്? ജനങ്ങൾക്കാവശ്യമായ വാക്സിൻ എത്തിച്ചുനൽകാൻപോലും കഴിയാത്ത ഭരണാധികാരികൾ ആർക്കുവേണ്ടി ഭരിക്കുന്നു? രാജ്യത്ത് ജനങ്ങളാണ് വലുത്. അവരുടെ ജീവൻ നിലനിർത്തേണ്ടതാണ് ആവശ്യം.
അഗസ്റ്റിൻ കുറുമണ്ണ്, കുഴിത്തൊളു, ഇടുക്കി