ഈ വിജയം രാഷ്ട്രീയപാർട്ടികൾക്കൊരു പാഠം
Friday, May 7, 2021 12:44 AM IST
നിലവിലെ സർക്കാർ തുടർഭരണം നേടി വീണ്ടും അധികാരത്തിലേക്ക് വരുമ്പോൾ ഇതൊരു പാഠമായി ഭരണ പ്രതിപക്ഷ കക്ഷികൾ മനസിലാക്കിയാൽ നന്ന്. ഓരോ അഞ്ചുകൊല്ലം കഴിയുമ്പോഴും ഭരണമാറ്റമാണ് കേരളത്തിലെ ജനങ്ങൾ വിധിച്ചിരുന്നത്. അതുകൊണ്ടാവാം ഓരോ തവണയും പ്രതിപക്ഷപാർട്ടികൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആത്മവിശ്വാസത്തിലുമായിരിക്കും. എന്തുവന്നാലും ജനങ്ങൾ തങ്ങളെ അധികാരത്തിൽ കയറ്റുമെന്നുള്ള അമിത പ്രതീക്ഷ ഓരോ തെരഞ്ഞെടുപ്പു കാലത്തും അതത് പ്രതിപക്ഷങ്ങൾ വച്ചുപുലർത്തി. ആ അമിതപ്രതീക്ഷയ്ക്കാണ് ഇത്തവണ തിരിച്ചടിയേറ്റത്.
ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും സ്ഥായിയായ ഒരു വോട്ട് ബാങ്ക് എല്ലാ കാലത്തെന്നപോലെ ഇപ്പോഴും കേരളത്തിലുണ്ട്. ഓരോ തവണയും മാറിമാറി വോട്ട് ചെയ്തുകൊണ്ടിരുന്ന പത്ത് ശതമാനത്തോളം വരുന്ന ഒരു വിഭാഗം ആളുകളാണ് ഓരോ തവണയും ഈ ഭരണമാറ്റം കൊണ്ടുവന്നുകൊണ്ടിരുന്നത്. ആ മാറിചിന്തിക്കുന്നവരിൽ കൂടുതൽപേരും ഭരിച്ചുകൊണ്ടിരിക്കുന്ന കക്ഷിക്കുതന്നെ വീണ്ടും വോട്ട് ചെയ്തു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ഭരിക്കുന്ന സർക്കാർ തങ്ങളുടെ നേട്ടങ്ങൾ ജനമധ്യത്തിലേക്ക് കൃത്യമായി അവതരിപ്പിച്ചപ്പോൾ സർക്കാരിന്റെ മോശം പ്രതിച്ഛായ ജനമധ്യത്തിലേക്ക് കൊണ്ടുവരുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു എന്നതും ഒരു വസ്തുതയാണ്. പ്രതിപക്ഷ ആരോപണങ്ങൾ വെറും പത്രസമ്മേളനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയി. ഏതായാലും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽനിന്നു ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കരുത്താർജിക്കും എന്നു പ്രതീക്ഷിക്കാം. ശക്തമായ ഒരു പ്രതിപക്ഷമില്ലെങ്കിൽ ജനാധിപത്യത്തിന്റെ പ്രസക്തി നഷ്ടപ്പെടും എന്നു പറയേണ്ടതില്ലല്ലോ.
എ.കെ. അനിൽകുമാർ, നെയ്യാറ്റിൻകര