കഴുകന്മാർ താഴ്ന്നു പറക്കുന്നു
Monday, May 10, 2021 12:47 AM IST
ഈ നൂറ്റാണ്ടിലെ മഹാവിപത്തിനെ നമ്മൾ നേരിടുകയാണ്. കോവിഡ് എന്ന മഹാരോഗത്താൽ മരിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുവരുന്നു. രോഗവ്യാപനത്തോത് നോക്കിനിൽക്കെ പെരുകുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സജീവമായി മഹാമാരിയെ നേരിടാൻ കിണഞ്ഞു പരിശ്രമിക്കുന്ന സന്ദർഭമാണിത്. ഈ അവസരത്തിലാണ് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങൾ ഉയർന്നുവരുന്നത്.
ശരീരത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാനുള്ള ഉപകരണത്തിന് 300 രൂപ മുതൽ 500 രൂപ വരെയായിരുന്നു കുറച്ചുകാലം മുമ്പുവരെ വില. കോവിഡ് രോഗവുമായി ബന്ധപ്പെട്ട് സ്വയം പരിശോധനയ്ക്ക് വിധേയമാക്കാൻ ഓക്സിമീറ്റർകൊണ്ടു സാധിക്കുമായിരുന്നു. ഈ ഉപകരണത്തിന് വില വർധിച്ച് 2,000 രൂപ വരെ എത്തിയെന്ന് അറിയുന്നു. മാർക്കറ്റിൽ ഇപ്പോഴത് ലഭ്യമല്ലതാനും. കോവിഡ് രോഗികൾക്കായി അത്യാവശ്യം ഉപയോഗത്തിനായി പാരസെറ്റമോൾ ഗുളികകൾ, മൗത്ത് വാഷ്, വൈറ്റമിൻ ഗുളികകൾ,ആവിപിടിക്കാനുള്ള മരുന്ന്, കൈയുറകൾ, മാസ്കുകൾ, സാനിറ്റൈസർ, ഒആർഎസ് പൊടി തുടങ്ങിയവ അടങ്ങിയ കോവിഡ് കിറ്റിന് ഏറിയാൽ 200250 രൂപ വില വരും. എന്നാൽ കമ്പോളവില 650 രൂപ.
ചികിത്സാരംഗത്ത് സ്തുത്യർഹമായ സേവനം നടത്തുന്ന സ്വകാര്യസ്ഥാപനങ്ങൾ ധാരാളമുണ്ട്. യാതൊരുവിധ ആക്ഷേപങ്ങൾക്കും ഇടം നൽകാത്തവ. എന്നാൽ മനഃസാക്ഷിയില്ലാതെ ലാഭക്കൊതി സ്ഥാപനങ്ങളായി ചിലത് പ്രവർത്തിക്കുന്നു എന്നതും നമ്മൾ കാണേണ്ടതായിട്ടുണ്ട്. അമിതമായ വാടകയും അമിതമായ സർവീസ് ചാർജും വാങ്ങുന്ന പിടിച്ചുപറി സ്ഥാപനങ്ങളും ഉണ്ട്.
പ്രാണവായുവിനുവേണ്ടി പിടയുമ്പോൾ പ്രാണൻ കവർന്നെടുക്കുന്ന ചികിത്സാ സമ്പ്രദായം. കോവിഡ് കിടക്കകൾ വരെ മറിച്ചു കൊടുത്തു വെള്ളിക്കാശ് വാങ്ങുന്നവരുമുണ്ട്. ഇത്തരക്കാരുടെ സേവനം നമുക്കു വേണ്ട.
ബേബി പാറക്കാടൻ പുന്നപ്ര