മാറ്റങ്ങളുടെ മഹാമാരിക്കാലം
Saturday, May 15, 2021 12:52 AM IST
തിരിച്ചു പോരാൻ നേരം അമ്മയ്ക്കെന്നും ഉമ്മ കൊടുത്താണ് ഇറങ്ങാറ്. ഇപ്രാവശ്യം യാത്ര പറയാൻ ചെന്ന ഉടനെ അമ്മ കൈകൊണ്ട് കാണിച്ചു,വേണ്ടയെന്ന്. നിനക്കിവിടം വരെ ഒന്നു വന്നിട്ടു പോകാൻ മേലേയെന്ന് നിരന്തരം ചോദിക്കുന്ന വല്യപ്പച്ചൻ ഇപ്രാവശ്യം പറഞ്ഞു, ഓടിപ്പിടുപിടുത്ത് വരികയൊന്നും വേണ്ട. വിദേശത്തുനിന്നു വന്നാൽ സഹോദരിയുടെ വീട്ടിൽ പോയി ഒരു ദിവസം ചെലവഴിക്കും, അതു നിർബന്ധമാണ് അളിയന്. ഇപ്രാവശ്യം സഹോദരി പറഞ്ഞു, പോണ വഴിയ്ക്ക് കണ്ടോളാമെന്ന്.
കോവിഡ് മഹാമാരിയെ അകറ്റിനിർത്താനുള്ള പെടാപ്പാടുകളിൽ ബന്ധങ്ങൾക്കും സ്വന്തങ്ങൾക്കും വിലയില്ലാത്തതു പോലെ. എല്ലാവരും സംശയനിഴലിൽ ആയതുപോലെ.
കോവിഡ് കണക്കുകളും മരണനിരക്കുകളും അത്യാവശ്യമായി വന്നേക്കാവുന്ന മെഡിക്കൽ അവശ്യ ഉപകരണങ്ങളുടെ ദ്യശ്യങ്ങളും മനുഷ്യന്റെ ഉള്ള ധൈര്യംകൂടി ചോർത്തിക്കളയുകയാണോ.. അങ്ങനെയാണെന്നു വേണം കരുതാൻ. എന്നാൽ, ഒന്നോർക്കുക മുൻകരുതലുകൾ അത്യാവശ്യമാണ്. ഒപ്പം ആത്മധൈര്യവും പ്രത്യാശയും ദൈവാശ്രയത്വവും കൂടെക്കരുതാം.
മിനി അത്തിക്കളം