Letters
ലക്ഷ്യം ഒരു വീട്ടിൽ ഒരു കുടിയൻ
Sunday, September 5, 2021 10:34 PM IST
കെഎ​സ്ആ​ർടിസി ബ​സ് സ്റ്റാൻഡുക​ളി​ൽ മ​ദ്യ​ശാ​ല​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നു​ള്ള ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന കേ​ര​ളീ​യ സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​യി മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ. ബ​സ് യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം വ​രു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​വ​സ്ഥ ഇ​പ്പോ​ൾ​ത്ത​ന്നെ പ​രി​താ​പ​ക​ര​മാ​ണ്.

അ​വ​രു​ടെ ദു​രി​തം ഇ​നി​യും വ​ർ​ധിക്കാ​നേ ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​നം ഉ​ത​കു​ക​യു​ള്ളു. എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി മ​ദ്യം ല​ഭ്യ​മാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ന​യ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് മ​ദ്യ​വി​ൽ​പ്പ​ന റേ​ഷ​ൻ ക​ട​ക​ളി​ൽ കൂ​ടി ന​ട​ത്തി​ക്കൂ​ടാ ? അ​താ​കു​മ്പോ​ൾ എ​ല്ലാവരുടെയും അ​ടു​ത്തേ​ക്ക് എ​ളു​പ്പ​ത്തി​ൽ മ​ദ്യം എ​ത്തി​ക്കാം.

അ​ല്ലെ​ങ്കി​ൽ പ​ണ്ടു​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ഞ്ച​രി​ക്കു​ന്ന മാ​വേ​ലി സ്റ്റോ​റു​ക​ൾ മാ​തൃ​ക​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ബിവ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റു​ക​ൾ തു​ട​ങ്ങി​യാ​ൽ എ​ല്ലാ​വ​രു​ടെ​യും വീ​ട്ടു​പ​ടി​ക്ക​ൽ മ​ദ്യം എ​ത്തി​ക്കു​ക​യും ആ​വാം.

അ​ങ്ങ​നെ "ഒ​രു വീ​ട്ടി​ൽ ഒ​രു കു​ടി​യ​ൻ' എ​ന്നൊ​രു മ​ഹ​ത്താ​യ മു​ദ്രാ​വാ​ക്യം കൂ​ടി ന​മു​ക്ക് ഉ​യ​ർ​ത്തി​പ്പി​ടി​ക്കാം. ആ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ച​വി​ട്ടു​പ​ടി​യാ​യി കെഎ​സ്ആ​ർടിസി ബ​സ് സ്റ്റാൻഡുക​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ മാ​റ​ട്ടെ എ​ന്നു പ്ര​ത്യാ​ശി​ക്കാം.

എ.​കെ.​അ​നി​ൽ​കു​മാ​ർ,
നെ​യ്യാ​റ്റി​ൻ​ക​ര