സംസ്ഥാനത്തിന്റെ പേര് എല്ലാ ഭാഷകളിലും ‘കേരളം’ എന്നുതന്നെ എഴുതണം എന്നു കാട്ടി, ദീപികയിൽ 12 വർഷം മുന്പ് എഴുതിയിരുന്നു. ഒട്ടേറെ മലയാളഭാഷാ സ്നേഹികളും സാമൂഹ്യ പ്രവർത്തകരും പിന്തുണ നൽകിവരികയും ചെയ്തിട്ടുണ്ട്.
സർക്കാർ തലത്തിലും ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോഴിതാ, സംസ്ഥാനത്തിന്റെ പേര് ഭരണഘടനാ പേജുകളിൽ ‘കേരളം’ എന്നുതന്നെ ചേർക്കണം എന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച വാർത്ത, ഇതിനായി പ്രവർത്തിച്ചു വന്ന ഏവരെയും സന്തോഷിപ്പിക്കുന്നതും അഭിമാനകരവുമാണ്.
രണ്ടാം നായനാർ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ സ്ഥലനാമങ്ങൾ മലയാളത്തിലാക്കി ഉത്തരവ് ഇറക്കിയ ശേഷം, 1990 മുതൽ, ഇംഗ്ലീഷിലും കേരളം എന്നു മാത്രം എഴുതി വന്ന ശീലം തുടരാൻ സർക്കാർ ഭാഗത്തുനിന്നുതന്നെ പിന്തുണ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്.
ജോഷി ബി. ജോണ്, മണപ്പള്ളി