ഇന്ത്യയുടെ പേര് ഭാരതമെന്ന് തിരുത്തുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉചിതമല്ല. എലിയെ പേടിച്ച് ഇല്ലം ചുടുക എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പ്രതിപക്ഷം ‘’ഇന്ത്യ’’ മുന്നണി രൂപീകരിച്ചതിനുശേഷമാണല്ലോ ഇങ്ങനെയൊരു നീക്കത്തിന് കേന്ദ്രസർക്കാർ മുതിർന്നത്. ഇന്ത്യാ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ആയിരക്കണക്കിന് സമരഭടന്മാരോടും ഭരണഘടനാ ശില്പികളോടുമുള്ള അനാദരവിന് പേരുമാറ്റം കാരണമാകും.
പ്രതിപക്ഷ മുന്നണിയുടെ ‘’ഇന്ത്യ’’എന്ന പേരിനെ സംബന്ധിച്ച് നിയമപരമായ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെങ്കിൽ കേന്ദ്രസർക്കാർ അതിനെ സുപ്രീംകോടതിയിൽ നേരിടുകയാണ് വേണ്ടിയിരുന്നത്. അതിനു പകരം രാജ്യത്തിന്റെ പേരു തന്നെ മാറ്റുവാൻ തീരുമാനിക്കുക എന്നത് ഭീരുത്വം നിറഞ്ഞ നടപടിയാണ്.
എത്രയോ തലമുറകൾ ജനിച്ചു ജീവിച്ച ജന്മഭൂമിയുടെ പേര് ഒരു സുപ്രഭാതത്തിൽ അപ്പം ചുട്ടെടുക്കുന്നതുപോലെ മാറ്റുക എന്നു പറഞ്ഞാൽ അതിന് ന്യായവും യുക്തവുമായ ഒരു കാരണമുണ്ടാകണം. പോരാ, അത് ജനത്തെ നേരാംവണ്ണം ബോധ്യപ്പെടുത്തുകയും വേണം. ഭരിക്കുന്ന രാഷ്ട്രീയപാർട്ടിയുടെയോ മുന്നണിയുടെയോ മാത്രമല്ലല്ലോ രാജ്യം. ഇന്ത്യയുടെ മണ്ണിൽ ജനിച്ചു വീണ ഓരോ പൗരനും സ്വന്തം പേരെന്ന പോലെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ് രാജ്യത്തിന്റെ നാമവും. ഭരണാധികാരികൾക്കു തോന്നുമ്പോൾ തോന്നുംപോലെ അത് തിരുത്തുന്നതിനെ തോന്ന്യവാസം എന്ന് വിളിക്കുവാനേ പറ്റൂ.
ഇന്ത്യ എന്ന പേരിന് എന്താണ് ഇപ്പോൾ പ്രത്യേകിച്ച് ഒരു കുഴപ്പം? ലോകമെമ്പാടുമുള്ള ജനങ്ങളുടെയും ഭരണാധികാരികളുടെയും മനസിൽ പതിഞ്ഞ പേരാണ് ഇന്ത്യ എന്നത്. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ എത്രയോ സ്ഥാപനങ്ങൾ ഇന്ത്യ, ഇന്ത്യൻ എന്ന പേരിലാണ് ആരംഭിക്കുന്നത്. സ്വദേശത്തും വിദേശത്തുമായി ഇങ്ങനെ അറിയപ്പെടുന്ന എത്രയോ സ്ഥാപനങ്ങളുണ്ട്. നാളിതുവരെ ഇന്ത്യ എന്ന പേരിൽ അഭിമാനംകൊണ്ടിരുന്ന ഭരണനേതൃത്വത്തിന് നേരം ഇരുണ്ടു വെളുത്തപ്പോൾ ഇന്ത്യ എന്ന പേരുകൊണ്ട് അഭിമാനക്ഷതം സംഭവിച്ചുവോ?
ധൃതിപിടിച്ച ഈ പേരു മാറ്റം കാണുമ്പോൾ അങ്ങനെയാണ് തോന്നുക. ഫെഡറലിസത്തിൽ അടിയുറച്ച ഒരു ഭരണഘടനയുള്ള രാജ്യത്തിന്റെ മേൽവിലാസ മാറ്റത്തിന് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടേണ്ടതല്ലേ?
ഏതാണ്ട് 37 ശതമാനം വോട്ടു മാത്രം നേടി രാജ്യം ഭരിക്കുന്നവർ ഭൂരിപക്ഷം വരുന്ന ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല. മാത്രമല്ല, അവരുടെ അഭിപ്രായങ്ങൾക്കുമേൽ ബുൾഡൊസർ ഉപയോഗിക്കുന്നതു പോലെയാണ് ഇപ്പോൾ രാജ്യത്ത് കാര്യങ്ങൾ നടപ്പിലാക്കുന്നത്. ഇത് ഏകാധിപത്യത്തിന് തുല്യമാണ്. ബ്രിട്ടീഷ് മേൽക്കോയ്മയെയും അടിയന്തരാവസ്ഥയുടെ കരാള നാളുകളെയും ചെറുത്തുതോൽപ്പിച്ച രാജ്യസ്നേഹികളുടെ പിന്മുറക്കാർ ഇവിടെ ഈ മണ്ണിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന ബോധ്യം ഭരണകർത്താക്കൾക്ക് ചിലപ്പോഴെങ്കിലും ഉണ്ടാകുന്നത് നന്നായിരിക്കും.
കുര്യൻ തൂമ്പുങ്കൽ, ചങ്ങനാശേരി