ജലം പാഴാക്കുന്ന ജല അതോറിറ്റി
Sunday, January 28, 2024 11:23 PM IST
‘ജലം അമൂല്യമാണ്, പാഴാക്കരുത്'എന്ന് ജല അതോറിറ്റി പൊതുസ്ഥലങ്ങളിൽ ബോർഡ് വച്ചിരിക്കുന്നത് കാണാം. നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജല വിതരണപ്പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ ജലം പാഴാകുന്നത് പതിവ് കാഴ്ചയാണ്. അധികൃതരെ പല തവണ ഇക്കാര്യം അറിയിച്ചാലും പലപ്പോഴും ഒരു നടപടിയും സ്വീകരിക്കാറില്ല.
ജല അതോറിറ്റി ഓഫീസിന്റെ തൊട്ടടുത്തു തന്നെ പൈപ്പ് പൊട്ടി മാസങ്ങളോളം വെള്ളം പാഴായിട്ടു പോലും തിരിഞ്ഞു നോക്കാത്ത സംഭവങ്ങളുമുണ്ട്. നഷ്ടക്കണക്ക് പറഞ്ഞ് വെള്ളക്കരം ഒറ്റയടിക്ക് രണ്ടിരട്ടിയിലധികം വർധിപ്പിച്ച ജല അതോറിറ്റി അധികൃതരുടെ ഈ അനാസ്ഥ അക്ഷന്തവ്യമാണ്. കടുത്ത വേനലിൽ ജല വിതരണം തന്നെ തടസപ്പെടുമോയെന്നു ജനം ആശങ്കപ്പെടുമ്പോഴാണ് ജലം ഇങ്ങനെ പാഴാക്കുന്നത്. ചോർച്ച തടയാൻ നടപടി കൈക്കൊള്ളാത്ത ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷണ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം.
സെബാസ്റ്റ്യൻ പാതാമ്പുഴ, തൊടുപുഴ