ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
Monday, February 19, 2024 11:39 PM IST
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബിപിഎൽ വിഭാഗത്തിൽപ്പെട്ട ചുവപ്പ്, മഞ്ഞ കാർഡ് ഉടമകൾക്ക് നിത്യോപക സാധനങ്ങൾക്ക് നിലവിലുള്ള സബ്സിഡി പൂർണമായും നൽകുകയും എപിഎൽ വിഭാഗക്കാരെ സബ്സിഡിയിൽനിന്നു പൂർണമായും ഒഴിവാക്കുകയും ചെയ്യണം.
സാമ്പത്തികഭദ്രതയുള്ള വെള്ള കാർഡ് ഉടമകൾക്ക് മേലിൽ സബ്സിഡി നൽകാതിരിക്കുകയും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ചുവപ്പ്, നീല കാർഡ് ഉടമകൾക്ക് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങൾക്കും നിലവിലുള്ള സബ്സിഡി നൽകുകയും ചെയ്യണം. നിലവിൽ എപിഎല്ലുകാർ പലരും സപ്ലൈകോയിൽനിന്നു സബ്സിഡി സാധനങ്ങൾ വാങ്ങാറില്ല.
എപിഎല്ലുകാർക്ക് നൽകുന്ന സബ്സിഡി തുക കൂടി ചേർത്ത് ബിപിഎൽ കാർക്ക് പൂർണമായും സബ്സിഡി നൽകാൻ സപ്ലൈകോയും പൊതുവിതരണ വകുപ്പും തയാറാകണം. മാത്രമല്ല, റേഷൻ കടകൾ വഴിയും എപിഎല്ലുകാർക്ക് കുറഞ്ഞ നിരക്കിൽ അരി ലഭ്യമാക്കുന്നത് ഒഴിവാക്കി കൂടുതൽ അരിയും ഗോതമ്പും പഞ്ചസാരയും ആട്ടയും കുറഞ്ഞ നിരക്കിൽ ബിപിഎല്ലുകാർക്ക് നൽകി പാവങ്ങളെയും സാധാരണക്കാരെയും കരുതണം.
അങ്ങനെ സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതോടൊപ്പം പാവങ്ങളെ കരുതാനും സപ്ലൈകോയ്ക്കും സർക്കാരിനും കഴിയും. അത്തരത്തിൽ പുനർചിന്തനം നടത്താൻ സപ്ലൈകോയും പൊതുവിതരണ വകുപ്പും മന്ത്രിയും തയാറാകണം.
റോയി വർഗീസ് ഇലവുങ്കൽ, മുണ്ടിയപ്പള്ളി