ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ ഒ​രു ക​ട തു​ട​ങ്ങാ​നു​ള്ള സാ​ധ​ന​ങ്ങ​ൾ! ഒ​റ്റി​യ​ത് കാ​മു​കി
Friday, November 19, 2021 1:56 PM IST
ത​ല​ശേ​രി: ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ന​ട​ത്തി വ​ന്ന വ​ൻ ത​ട്ടി​പ്പു​ക​ൾ സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

വി​ശ്വ​സ്ത​നാ​യ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ട ഉ​ട​മ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ജോ​ലി ചെ​യ്യു​ന്ന മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽനി​ന്നു ജീ​വ​ന​ക്കാ​ര​ൻ ക​ട​ത്തി​യ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വി​ല വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

ജീ​വ​ന​ക്കാ​ര​ന്‍റെ കാ​മു​കി ക​ട ഉ​ട​മ​ക്കു ന​ൽ​കി​യ ര​ഹ​സ്യ സ​ന്ദേ​ശ​ത്തെത്തു​ട​ർ​ന്നാ​ണ് വ​ൻ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട്ടെ​ല്ല് ഒ​ടി​ക്കു​ന്ന കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ രാ​ഷ്‌​ട്രദീ​പി​ക പത്രം പു​റ​ത്തു വി​ട്ട​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ കൂ​ടു​ത​ൽ വ്യാ​പാ​രി​ക​ൾ ത​ങ്ങ​ളു​ടെ ദു​ര​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു രം​ഗ​ത്തു​വ​ന്നി​ട്ടു​ള്ള​ത്.

ത​ല​ശേ​രി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ മൊ​ത്ത ക​ച്ച​വ​ട സ്ഥാ​പ​ന​ത്തി​ൽനി​ന്നു ല​ക്ഷ​ക്ക​ണ​ക്കിനു രൂ​പ വി​ല വ​രു​ന്ന ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളാ​ണ് ജീ​വ​ന​ക്കാ​ര​ൻ വീ​ട്ടി​ലേ​ക്കു ക​ട​ത്തി പു​റ​ത്തു വി​റ്റ​ഴി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ട​യു​ട​മ​ക്ക് ല​ഭി​ച്ച അ​ഞ്ജാ​ത യു​വ​തി​യു​ടെ ഫോ​ൺ സ​ന്ദേ​ശ​മാ​ണ് എ​ട്ടു വ​ർ​ഷം നീ​ണ്ടുനി​ന്ന ത​ട്ടി​പ്പി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്. "നി​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക, ക​ട​യി​ൽനി​ന്ന് ദി​വ​സ​വും ഇ​ന്ന​യാ​ൾ സാ​ധ​ന​ങ്ങ​ൾ ക​ട​ത്തു​ന്നു​ണ്ട്'... ഇ​താ​യി​രു​ന്നു ക​ട​യു​ട​മ​യ്ക്ക് ലാ​ൻ​ഡ് ഫോ​ണി​ൽ ല​ഭി​ച്ച സ​ന്ദേ​ശം.

കടയുടമ ഞെട്ടി

ക​ട​ത്തു​കാ​ര​ന്‍റെ പേ​രു കേ​ട്ടു ക​ട​യു​ട​മ ഞെ​ട്ടി. വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സം. എ​ങ്കി​ലും അ​യാ​ൾ നി​രീ​ക്ഷ​ണം തു​ട​ങ്ങി. വീ​ടു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​ർ​ക്കു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ഹോ​ൾ​സെ​യി​ൽ ആ​യി ന​ൽ​കു​ന്ന ക​ട​യാ​യി​രു​ന്നു അ​ത്. ഉ​ട​മ​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ "വി​ശ്വ​സ്ത​നാ​യ' ജീ​വ​ന​ക്കാ​ര​ന്‍റെ ത​ട്ടി​പ്പി​ന്‍റെ റൂ​ട്ട് പി​ടി​കി​ട്ടി.

ഉ​ട​മ അ​തീ​വ​ര​ഹ​സ്യ​മാ​യി പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര​ന്‍റെ ന​ഗ​രപ്രാ​ന്ത പ്ര​ദേ​ശ​ത്തു​ള്ള വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഒ​രു ക​ട ന​ട​ത്താ​നു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ട ഉ​ട​മ റൂ​ട്ടി​ൽ പോ​കു​ന്ന ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യും ക​ട​ത്തി​യി​രു​ന്ന​ത്.

പ്രണയം തകർന്നതു രക്ഷയായി

ക​ട ഉ​ട​മയ്​ക്കു വി​വ​രം ചോ​ർ​ത്തി കൊ​ടു​ത്ത കാ​മു​കി​യെ ഉ​പ​യോ​ഗി​ച്ചും ഇ​യാ​ൾ സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​യി​രു​ന്നു. മ​റ്റൊ​രു യു​വ​തി​യു​മാ​യി ഇ​യാ​ൾ അ​ടു​ത്ത​തോ​ടെ​യാ​ണ് ക്ഷു​ഭി​ത​യാ​യി കാ​മു​കി ക​ട ഉ​ട​മ​യ്ക്കു കാ​മു​ക​ന്‍റെ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു വി​വ​രം ചോ​ർ​ത്തി കൊ​ടു​ത്ത​ത്. ക​ട്ട​വ​നെ കൈയോ​ടെ പി​ടി​കൂ​ടി​യെ​ങ്കി​ലും എ​ട്ട് വ​ർ​ഷം സ​ർ​വീ​സു​ള്ള ഇ​യാ​ളെ പു​റ​ത്താ​ക്ക​ലും ക​ട​യു​ട​മ​ക്ക് കീ​റാ​മു​ട്ടി​യാ​യി.

ഒ​ടു​വി​ൽ ഒ​രു വ്യാ​പാ​രി സം​ഘ​ട​ന ഇ​ട​പെ​ട്ടു ത​ട്ടി​പ്പു​കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നെ ഒ​ഴി​വാ​ക്കി. എ​ട്ട് വ​ർ​ഷംകൊ​ണ്ട് ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്ത സാ​ധ​ന​ങ്ങ​ളു​ടെ തു​ക ക​ണ​ക്കു കൂ​ട്ടി ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ് ക​ട​യു​ട​മ . ജീ​വ​ന​ക്കാ​ര​ന്‍റെ പ്ര​ണ​യം പൊ​ട്ടി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ത​ന്‍റെ ക​ട​യു​ടെ അ​ടി​ത്ത​റ ഇ​ള​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ട​യു​ട​മ സ്വ​കാ​ര്യ​മാ​യി പ​റ​യു​ന്ന​ത്.