കുമരകം: മാവേലിക്കര പോലീസ് ഇന്നലെ പിടികൂടിയ നിരവധി മോഷണക്കേസുകളിലെ പ്രതിയായ കുമരകത്തെ ലോട്ടറി വില്പനക്കാരൻ പകൽ മാന്യൻ. വർഷങ്ങളായി കുമരകത്ത് വാടകയ്ക്കു താമസിക്കുന്ന ഇയാൾ പെരും കള്ളനാണെന്നു നാട്ടുകാർ അറിഞ്ഞത് ഇന്നലെ.
ചക്രംപടിയിലെ വിവിധ വീടുകളിൽ വാടകയ്ക്കു താമസിക്കുകയും പ്രദേശത്തു ലോട്ടറി വില്പനയും തടി കച്ചവടവും ചെയ്തുവന്ന ആലപ്പുഴ സ്വദേശി ലാലിച്ച (60)നെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കുമരകം നിവാസികൾ ഞെട്ടിയത്. 20ൽപരം മോഷണ കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്നു പോലീസ് പറയുന്നു.
2019ൽ കൊറ്റാർകാവിൽനിന്നു 23 പവൻ മോഷ്ടിച്ചതും താനാണെന്നു പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവേലിക്കര ക്ഷേത്രത്തിനു സമീപം മുരളി കൃഷ്ണന്റെ വീട്ടിൽ മോഷണം നടത്തുന്നതു സിസിടിവിയിൽ പതിഞ്ഞതോടെയാണ് പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.
കുമരകത്തുനിന്നു മാവേലിക്കരയിലെത്തിയായിരുന്നു പലപ്പോഴും മോഷണം. മോഷണത്തിനുശേഷം തിരിച്ചു കുമരകത്ത് എത്തി ലോട്ടറി വില്പന പോലുള്ള ജോലികൾ ചെയ്തു വരികയായിരുന്നു. കുമരകത്ത് ആർക്കും ഒരു സംശയത്തിനിട നൽകിയിരുന്നില്ല.
സാന്പത്തികമായി ഞെരുക്കം ഉണ്ടാകുന്ന സന്ദർഭങ്ങളിലാണ് മോഷണത്തിനിറങ്ങിയിരുന്നത്. വെള്ള ഉടുപ്പും മുണ്ടും ധരിച്ചു കൈയിൽ ഒരു പത്രവുമായി മാന്യമായി വസ്ത്രധാരണം ചെയ്തു ട്രെയിനിൽ കയറും. മാവേലിക്കരയിൽ എത്തി പകൽ നഗരത്തിലൂടെ നടന്നു പൂട്ടി കിടക്കുന്ന വീടുകൾ നോക്കിവയ്ക്കും. തുടർന്ന് ബാറിൽ കയറി മദ്യപിക്കും.
സിനിമാ തീയറ്ററിൽ സെക്കൻഡ് ഷോ കാണും. ഇതിനു ശേഷം മോഷണത്തിന് ഇറങ്ങുന്ന താണ് ഇയാളുടെ പതിവ് രീതി. മോഷണം നടത്താൻ കണ്ടു വച്ച വീടിനു സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽനിന്നാണ് ഭവന ഭേദനത്തിനുള്ള കന്പിയും മറ്റും എടുക്കുന്നത്.
അവിവാഹിതനായ ഇയാൾ മോഷ്ടിച്ചു കിട്ടുന്ന പണം മദ്യപിച്ചും ധൂർത്തടിച്ചും ചെലവാക്കുകയായിരുന്നു പതിവ്. മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.