കോട്ടയം: കോട്ടയം നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ എറണാകുളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കണ്ണൂർ ശിവപുരം പടുപാറ സുബൈദ മൻസിലിൽ അസുറുദീൻ (23) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് കൊച്ചി മറൈൻ ഡ്രൈവിനു സമീപം നിർമാണത്തിലിരിക്കുന്ന സിഎംഎഫ്ആർഐയ്ക്കു സമീപമുള്ള കൊച്ചി കോർപ്പറേഷന്റെ കെട്ടിടത്തിനു അടുത്തുള്ള കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു ദിവസമായി അസുറുദീൻ കടയിൽ എത്തിയില്ലെന്നു കാണിച്ചു കടയുടമ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നല്‍കുകയായിരുന്നു. ജോലിയുടെ ആവശ്യത്തിനായി എറണാകുളത്തേക്കു പോയ ഇയാൾ എങ്ങനെയാണ് ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയതെന്നുമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം സംബന്ധിച്ചു വ്യക്തമായ വിവരം ലഭിക്കുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. കാണാതായതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ എറണാകുളം ഭാഗത്തുണ്ടെന്നു കണ്ടെത്തിയത്.
തുടർന്ന് ഇയാളുടെ ഫോണിൽനിന്നും അവസാനം പോയ കോൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയായിരുന്നു. ഇയാളുടെ സുഹൃത്തായ ഒരു പെണ്‍കുട്ടിയെയാണ് അവസാനം ഫോണ്‍ ചെയ്തതെന്ന് പോലീസ് സംഘം കണ്ടെത്തി. തുടർന്നു പോലീസ് സംഘം യുവാവ് അവസാനം ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന മറൈൻ ഡ്രൈവിനു സമീപമുള്ള സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് കുഴിയിൽനിന്നു മൃതദേഹം കണ്ടെത്തിയത്.
കാണാതായ അസുറുദീൻ അവിടേക്കു പോയതിന്റെ കാരണം പോലീസിനു വ്യക്തമായിട്ടില്ല. സാധാരണയായി ഈ കെട്ടിടത്തിലേക്ക് ആളുകൾ കടന്നു വരാറില്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.