തുറവൂർ : വളമംഗലത്തു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളും അയൽവാസികളുമായ വളമംഗലംതെക്ക് പുത്തൻതറ കിഴക്കേ നികർത്ത് അനിൽ കുമാർ (32 ), വളമംഗലംതെക്ക് പുത്തൻതറ കിഴക്കേനികർത്തിൽ മുരളീധരൻ (49), വളമംഗലം തെക്ക് പുത്തൻതറ കിഴക്കേ നികർത്ത് വിഷ്ണു ( 30 ) എന്നിവരെയാണ് ഇന്നലെ കുത്തിയതോട് സി.ഐ.സനോജിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്നലെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇടക്കൊച്ചി സ്വദേശിയും ഇപ്പോൾ തുറവൂർ പഞ്ചായത്ത് 5-ാം വാർഡിൽ വളമംഗലം പുത്തൻതറ കിഴക്കെ നികർത്തിൽ താമസക്കാരനുമായ ജോൺ മകൻ സോണി (45)യാണ് തിങ്കളാഴ്ച രാത്രി പത്തോടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് .കഴിഞ്ഞ കുറച്ചു നാളുകളായി അയൽവാസികൾ തമ്മിൽ വഴി സംബന്ധിച്ചു പ്രശ്നങ്ങൾ നടക്കുന്നുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ കൊല്ലപ്പെട്ട സോണിയുടെ വീട്ടിൽ പ്രതികൾ ആയിട്ടുള്ള അഞ്ചു പേർ നിരന്തരം ചെന്നു പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ, സോണി ഇവരെ തിരികെ വിരട്ടിയോടിച്ചു.
അതിനു ശേഷം പുറത്തുനിന്നുള്ള ചില ഗുണ്ടകളുടെ സഹായത്തോടുകൂടി രാത്രിയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയും തുടർന്ന് സംഘം ചേർന്ന് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. തെങ്ങുകയറ്റ തൊഴിലാളികൾ ഉപയോഗിക്കുന്ന അരിവാൾ ഉപയോഗിച്ചു കഴുത്തിൽ വെട്ടുകയായിരുന്നു.
കൊല്ലപ്പെട്ട സോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശൂപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സോണിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് ഏഴോടെ തുറവൂർ തെക്ക് ആലക്കാപറമ്പ് സെന്റ് ജോസഫ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.