മഴക്കാലത്ത് ജീവന്‍ രക്ഷിക്കാന്‍ ഓപ്പറേഷന്‍ റെയിന്‍ബോ
Thursday, June 2, 2022 5:39 PM IST
കോഴിക്കോട്: കാലവർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വാഹനാപകടങ്ങൾ കുറയ്ക്കാൻ ‘ഓപ്പറേഷൻ റെയിൻബോ’യുമായി കേരള റോഡ് സുരക്ഷാ അഥോറിറ്റി. 13 ഇന നിർദേശവുമായി റോഡപകടങ്ങൾക്കെതിരേ കാമ്പയിൻ ശക്തിപ്പെടുത്തുകയാണ് അഥോറിറ്റിയുടെ ലക്ഷ്യം.

കോവിഡ് കാലത്ത് വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. മഴക്കാലം കൂടി വരുന്നതോടെ അപകടം കൂടാൻ സാധ്യത കണ്ടാണ് നിർദേശങ്ങൾ. മഴക്കാലത്ത് അപകട വർധന 12 ശതമാനംവരെയാണെന്നാണ് വിലയിരുത്തല്‍.

വാഹനങ്ങളുടെ ബ്രേക്ക്, വൈപ്പർ, ഇൻഡിക്കേറ്റർ എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വാഹനത്തിൽ ഫോഗ് ലാമ്പ്, പുകമഞ്ഞിൽ കാഴ്ച ലഭ്യമാകുന്ന ഉപകരണങ്ങൾ എന്നിവ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. വിൻഡ് സ്ക്രീൻ മങ്ങുന്നത് ഡീ ഫോഗ് ചെയ്യാനുള്ള സംവിധാനം ഉപയോഗിക്കൽ അറിഞ്ഞിരിക്കണം.

മഴക്കാലത്ത് ബ്രേക്കിംഗ്ദൂരം കൂടുതലായതിനാൽ മുന്നിലുള്ള വാഹനത്തിൽ നിന്നും നിശ്ചിത അകലം സൂക്ഷിക്കുക. മഴയിലും മൂടൽ മഞ്ഞിലും മങ്ങിയ ഹെഡ്‌ലൈറ്റ് ഉപയോഗിക്കുക, അനാവശ്യമായി ഹൈ ബീം ലൈറ്റ് ഉപയോഗിക്കരുത്, ഇടിമിന്നലും കനത്ത മഴയും ഉള്ളപ്പോൾ കഴിവതും വാഹനം ഓടിക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു.

റോഡിലെ വെള്ളം, കുഴികൾ, കാഴ്ചയിലെ അവ്യക്തതകൾ തുടങ്ങിയ കാരണങ്ങളാലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.