മൂന്നു മാസമായി വാഴക്കുല മോഷണം, ഒടുവിൽ ചായം കെണിയിൽ വീണു
Thursday, September 30, 2021 2:03 PM IST
നെ​ടു​ങ്ക​ണ്ടം: ആദ്യമൊക്കെ ഒന്നും രണ്ടും വാഴക്കുലകളായിരുന്നു തോട്ടത്തിൽനിന്നു പോയിരുന്നത്. പിന്നീട് ദിവസം അഞ്ചും ആറും കുലകൾ കാണതായിത്തുടങ്ങി. മോഷണം പരന്പര പോലെ നീണ്ടതോടെ പാട്ടത്തിനെടുത്തു കൃഷി ചെയ്ത ഉടമ നട്ടംതിരിഞ്ഞു.

മൂന്നു മാസത്തിനിടെ മുന്നൂറോളം കുലകൾ നഷ്ടമായിട്ടും പ്രതികളെ കണ്ടെത്താനായില്ല. പോലീസിലും പരാതി നൽകി. എന്നിട്ടും രക്ഷയില്ല. ഒടുവിൽ നോട്ടക്കാരെ വച്ചു. പക്ഷേ, മോഷ്ടാക്കൾ കുലമോഷണം തുടർന്നുകൊണ്ടേയിരുന്നു. അതോടെ അറ്റകൈ എന്ന നിലയിൽ ഒരു തന്ത്രം ഇറക്കി. വാഴക്കുലകളിൽ ചായം പൂശി നിർത്തി.

ഈ കെണിയിൽ പക്ഷേ, മോഷ്ടാക്കൾ വീണു. ചായം പൂശിയതു തിരിച്ചറിയാതെ ഈ കുലയും ഇവർ കടകളിൽ കൊണ്ട് വിറ്റു. നേരത്തെ തന്നെ കടക്കാരോടു ചായംപൂശിയ കുലകൾ വരികയാണെങ്കിൽ അറിയിക്കണമെന്നു ചട്ടംകെട്ടിയിരുന്നു. മോഷ്ടാക്കൾ വെട്ടിയെടുത്ത ചായം പൂശിയ കുലകളുമായി പതിവുപോലെ വില്പനയ്ക്കു ചെന്നു കുടുങ്ങുകയായിരുന്നു.

വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ മു​ന്നൂ​റോ​ളം വാ​ഴ​ക്കു​ല​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെയാണ് കഴിഞ്ഞ ദിവസം ക​ന്പം​മെ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടിയത്. പ​ഴ​യ കൊ​ച്ച​റ​യി​ലെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നുമാണ് മൂ​ന്നു​മാ​സ​ത്തി​നി​ടെ മു​ന്നൂ​റോ​ളം വാ​ഴ​ക്കു​ല​ക​ൾ മോ​ഷ്ടി​ച്ചത്. ശ​ങ്ക​ര​ൻ​കാ​നം വേ​ങ്ങ​മൂ​ട്ടി​ൽ ഏ​ബ്ര​ഹാം(50), ഓ​ട്ടോ ഡ്രൈ​വ​റാ​യ ന​മ്മ​നാ​ശേ​രി​ൽ റെ​ജി(49) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​രു​ണാ​പു​രം സ്വ​ദേ​ശി പോ​ൾ​സ​ണ്‍ സോ​ള​മ​ന്‍റെ ഏ​ഴേ​ക്ക​ർ പാ​ട്ട​കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നാ​ണ് ഒ​ന്ന​ര ​ല​ക്ഷം രൂ​പ​യു​ടെ വാ​ഴ​ക്കു​ല​ക​ൾ മോ​ഷ​ണം പോ​യ​ത്. സ​മ്മി​ശ്ര കൃ​ഷി​യാ​ണ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്. ഏ​ലം, കു​രു​മു​ള​ക്, കാ​പ്പി കൃ​ഷി​യു​ടെ ഇ​ട​വി​ള​യാ​യി 25,000 വാ​ഴ​യും ന​ട്ടി​രു​ന്നു. ഏ​ത്ത​വാ​ഴ, ഞാ​ലി​പ്പൂ​വ​ൻ, പാ​ള​യം​തോ​ട​ൻ, റോ​ബ​സ്റ്റാ, പൂ​വ​ൻ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ​പ്പോ​ൾ മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം തു​ട​ങ്ങി.

ശ​ല്യം രൂ​ക്ഷ​മാ​യ​പ്പോഴാണ് വാ​ഴ​ക്കു​ല​ക​ളി​ൽ ചാ​യം പൂ​ശിയത്. ഈ ​കു​ല​ക​ൾ കൊ​ച്ച​റ​യി​ലെ ഒ​രു പ​ച്ച​ക്ക​റി വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ വി​റ്റ​താ​യി ക​ണ്ടെ​ത്തു​ക​യും ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. കൃ​ഷി​സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തി​രി​ക്കു​ന്ന പോ​ൾ​സ​ണ്‍ വി​ദേ​ശ​ത്താ​ണ്. കൃ​ഷി നോ​ക്കി ​ന​ട​ത്തു​ന്ന കെ.​ജെ. ജോ​ർ​ജു​കു​ട്ടി​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ക്ക​ത്തി​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ളൊ​ന്നും എ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പി​ന്നീ​ടു വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രാ​തി​ക്കാ​ൻ പോ​ലീ​സിനു കൈ​മാ​റി​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.