പഴമയുടെ പ്രൗഢിയിൽഹിസ്റ്റോറിയ –2016 ശ്രദ്ധേയമായി
Sunday, September 25, 2016 10:10 AM IST
കറുകച്ചാൽ: പൗരാണിക വീട്ടുപകരണങ്ങളുടെ പ്രദർശനം പഴമക്കാർക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമകളും പുതുതലമുറയ്ക്ക് പഴമയുടെ തിരിച്ചറിവും സമ്മാനിക്കുന്നതായി. നെടുമണ്ണി സിസ്റ്റർ അൽഫോൻസാസ് യുപി സ്കൂളിൽ നടന്ന ഹിസ്റ്റോറിയ–2016 ആണ് അന്യംനിന്നുപോയ ഗൃഹോപകരണങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും പ്രദർശന വേദിയായത്.

തടി ഉരൽ, മൂന്നുവാലൻ കിണ്ടി, വാലുരുളി, മണിച്ചിത്രത്താഴ്, മണിവിളക്ക്, റോട്ടറി ഡയൽ ടെലിഫോൺ, അരപ്പെട്ടി, സ്തംഭവിളക്ക്, ഗണപതിശംഖ്, മുളംകുറ്റി, ചങ്ങഴി, തടിക്കുറ്റി, വെള്ളിക്കോൽ തുടങ്ങിയവയെല്ലാം പഴമയുടെ പ്രൗഢി വിളിച്ചോതുന്നതായിരുന്നു. മൂന്നുമാസമായുള്ള അധ്യാപകരുടെ നിരന്തര പരിശ്രമഫലമായാണ് പ്രദർശനം നടത്തുന്നത്.

വിദ്യാർഥികളുടെ വീടുകളിൽ ഉണ്ടായിരുന്നതും മാതാപിതാക്കൾ പരിചയക്കാരിൽനിന്നു വാങ്ങിയതും കൂടാതെ അധ്യാപകരും ഇവ ശേഖരിച്ചു. പ്രദർശനം കാണാൻ സമീപ മേഖലകളിൽനിന്നെല്ലാം പുരാവസ്തു പ്രേമികളെത്തി. പൂർവികരുടെ ജീവിത രീതിയേയും വികാസ പരിണാമങ്ങളെയും കുറിച്ച് അറിയുന്നതിന് ഇത്തരം പ്രദർശനങ്ങൾ ഉപകരിക്കുമെന്ന് ഉദ്ഘാടനം ചെയ്ത ഡോ. എൻ. ജയരാജ് എംഎൽഎ അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ ഫാ. ജോസഫ് പൂവത്തുശേരി അധ്യക്ഷത വഹിച്ചു.

നെടുങ്കുന്നം പഞ്ചായത്തംഗം സി.ജെ. ബീന, ഹെഡ്മാസ്റ്റർ പി.എസ്. തോമസ്, പിടിഎ പ്രസിഡന്റ് സുമ പ്രഭാകരൻ, സിസ്റ്റർ സിൻസി ജോസഫ്, പി.ഒ. ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ ലാലമ്മ സ്കറിയ, സോണി വർഗീസ്, ജോജോ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.