പ്രകോപനപരമായ പരാമർശം: ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ
ടെഹ്റാൻ: ഇറാൻ വിരുദ്ധ പരാമർശങ്ങൾ നടത്തിയ ഇസ്രേലി പ്രസിഡന്‍റ് റുവേൻ റിവിലിന് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഇസ്രേലി പ്രസിഡന്‍റ് നടത്തുന്നതെന്നും ആലോചനകളില്ലാത്ത ഇത്തരം പരാമർശങ്ങൾ ഇനി നടത്തരുതെന്നും ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് ബഹ്റാം ഖ്വസേമി പറഞ്ഞു.

ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ നടത്തുന്ന ഇത്തരം നീചവും നിന്ദ്യവുമായ പരാമർശങ്ങൾ അവരുടെ രാജ്യത്തിന് നാണക്കേടാണെന്നും ഇറാന്‍റെ സംസ്കാരത്തെ തന്നെ അധിഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഇസ്രേലി പ്രസിഡന്‍റ് നടത്തിയതെന്നും കുറ്റപ്പെടുത്തി. ഇനി ഇതുണ്ടാവരുതെന്നു ഖ്വസേമി മുന്നറിയിപ്പ് നൽകി.

അമേരിക്ക ഇറാന് ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കൊപ്പം നിൽക്കണമെന്നായിരുന്നു ഇസ്രേലി പ്രസിഡന്‍റ് കഴിഞ്ഞ ദിവസം ജർമൻ ചാൻസലർ ആംഗല മെർക്കലിനോട് ആഹ്വാനം ചെയ്തത്. ലോകത്തിന്‍റെ നിലനിൽപിനു തന്നെ ഇത്തരം ഉപരോധങ്ങൾ‌ നല്ലതാണെന്നുള്ള റിവിലിന്‍റെ പരാമർശങ്ങളും ഇറാനെ ചൊടിപ്പിച്ചു.