ട്രംപിന് ചോദ്യം ഇഷ്ടപ്പെട്ടില്ല; സിഎൻഎൻ റിപ്പോർട്ടർക്ക് വൈറ്റ് ഹൗസിൽ "കടക്ക് പുറത്ത്'
വാഷിംഗ്ടണ്‍: വാർത്താസമ്മേളനത്തിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് നിരന്തരം ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകന്‍റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി. ജിം അകോസ്റ്റയെന്ന സിഎൻഎൻ റിപ്പോർട്ടർക്കെതിരെയാണ് നടപടിയുണ്ടായത്. യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംഭവമുണ്ടായത്.

മധ്യ അമേരിക്കയിൽനിന്നുള്ള കുടിയേറ്റ വിഷയത്തെക്കുറിച്ച് ജിം നിരന്തരമായി ചോദ്യങ്ങൾ ചോദിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ജിം ഏറ്റവും മോശവും ഭയാനകവുമായ വ്യക്തിയാണെന്ന് ട്രംപ് പറഞ്ഞു. ഇതിനു പിന്നാലെ യുവ ഉദ്യോഗസ്ഥ ജിമ്മിന്‍റെ അടുത്തേക്ക് വരികയും മൈക്ക് പിടിച്ചു വാങ്ങുവാനും ശ്രമിക്കുകയായിരുന്നു.

ഇതിനു പിന്നാലെ ജിം വൈറ്റ് ഹൗസിലെ യുവ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്നാരോപിച്ച് വൈറ്റ് ഹൗസ് വക്താവ് സാറാ അൻഡേഴ്സൺ രംഗത്തെത്തി. എന്നാൽ ഈ ആരോപണം ശുദ്ധ നുണയാണെന്നും ട്രംപിനോട് ചോദ്യം ചോദിച്ചതിനുള്ള പ്രതികാര നടപടിയാണ് ഇതെന്നും ജിം പറഞ്ഞു.