നോട്ട് നിരോധനത്തിന്‍റെ ഭീകരത മായാൻ സമയമെടുക്കുമെന്ന് മൻമോഹൻ സിംഗ്
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നോട്ട് നിരോധനം രാജ്യത്തിന് വലിയൊരു വിപത്തായിരുന്നു. നിർഭാഗ്യവശാൽ ഇതിന്‍റെ മുറിവുകളും പേടിയും ഇപ്പോളും നിലനിൽക്കുകയാണ്. ഇത് മായിച്ചെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്നും മൻമോഹൻ സിംഗ് പറഞ്ഞു.

ചില സാന്പത്തിക നയങ്ങൾ കൊണ്ടുണ്ടായ ദുരിതങ്ങൾ ദീർഘകാലത്തേക്ക് രാജ്യത്തെ പിന്നോട്ടടിച്ചേക്കാം. ഇക്കാര്യത്തിൽ സാന്പത്തിക നയങ്ങൾ മനസിലാക്കി ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് മനസിലാക്കിത്തരുന്ന ഒരു ദിവസമാണ് ഇന്നെന്നും മൻമോഹൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ മൂലക്കല്ലായ ചെറുകിട, ഇടത്തര വ്യവസായങ്ങൾ തകർക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ സാന്പത്തിക നയങ്ങളിൽ ദൃഢതയും തിരിച്ചറിവും പുനസ്ഥാപിക്കാൻ സർക്കാരിനോട് അഭ്യർഥിക്കുകയാണ്. ഇന്ധനവില വർധനയും, നാണയപ്പെരുപ്പവുമെല്ലാം നോട്ടു നിരോധനത്തിന്‍റെ പരിണിത ഫലമാണ്. യുവാക്കൾക്ക് ആവശ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഈ സർക്കാരിന് സാധിച്ചില്ലെന്നും മൻമോഹൻ പറഞ്ഞു.