കെ.എം.ഷാജിയെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി
കൊച്ചി: മുസ്‌ലിം ലീഗ് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടുന്നതിന് ഷാജി വർഗീയ പ്രചരണം നടത്തിയെന്ന് കാട്ടി എതിർ സ്ഥാനാർഥിയായിരുന്ന എം.വി.നികേഷ്കുമാർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി.

ആറ് വർഷത്തേക്കാണ് ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്. മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് നടത്തിപ്പിന് ചിലവ് വന്ന 50,000 രൂപ ഷാജി ഹർജിക്കാരന് നൽകണം. എന്നാൽ തന്‍റെ പരാതി ശരിയാണെന്ന് ബോധ്യമായ സ്ഥിതിക്ക് തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ്കുമാറിന്‍റെ ആവശ്യം ഹൈക്കോടതി തള്ളിക്കളഞ്ഞു.

കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു ഷാജി. 2,287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്.