കെഎസ്‌യു പ്രവർത്തകർ കേരള സർവകലാശാല വിസിയെ തടഞ്ഞു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറെ കെഎസ്‌യു പ്രവർത്തകർ രാജ്ഭവന് മുന്നിൽ തടഞ്ഞു. ഗവർണർ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് വിസി വി.പി.മഹാദേവൻപിള്ള രാജ്ഭവനിൽ എത്തിയത്. ഗവർണറെ കണ്ട് മടങ്ങുന്നതിനിടെ രാജ്ഭവന്‍റെ ഗേറ്റിന് മുന്നിൽ വിസിയെ പതിനഞ്ചോളം വരുന്ന കെഎസ്‌യു പ്രവർത്തകർ തടയുകയായിരുന്നു.

വിസി രാജ്ഭവനിലേക്ക് കയറുന്പോൾ മുതൽ ഗേറ്റിന് പരിസരത്ത് കെഎസ്‌യു പ്രവർത്തകരുണ്ടായിരുന്നു. എന്നാൽ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നിട്ടും സ്ഥലത്ത് പോലീസ് സാന്നിധ്യം കുറവായിരുന്നു. പ്രതിഷേധക്കാർ വിസിയെ അഞ്ച് മിനിറ്റോളം തടഞ്ഞുവച്ചതോടെ കൂടുതൽ പോലീസ് എത്തി പ്രവർത്തകരെ മാറ്റുകയായിരുന്നു.

വിസി സ്ഥലത്ത് നിന്നും പോയ ശേഷം കെഎസ്‌യു നേതാക്കളും പോലീസും തമ്മിൽ റോഡിൽ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.പി.അബ്ദുൾ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു.